Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരണം 400ലേക്ക്; 290 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1468 പേരെ കാണാനില്ല

നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരണം 400ലേക്ക്; 290 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1468 പേരെ കാണാനില്ല

Media Mangalam 1 week ago

കാഠ്മണ്ഡു: നേപ്പാള്‍ കണ്ട ഏറ്റവും വലിയ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 392 പേർ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.

1468 പേരെയാണ് ഇതുവരെ കാണാതായതായി റിപ്പോർട്ട്. കാണാതായവരില്‍ 290 പേർ ഇന്ത്യക്കാരാണെന്നാണ് കണക്ക്. ചെളിയിലും തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയിലും പാലങ്ങളുടെ സമീപത്തും മലമ്പ്രദേശങ്ങളിലുമായി രക്ഷാപ്രവർത്തകർ തിരച്ചില്‍ തുടരുകയാണ്. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.

വിദേശ രക്ഷാപ്രവർത്തക സംഘങ്ങളെ വേണ്ടെന്ന് നേപ്പാള്‍

രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ വിദേശ രാജ്യങ്ങളില്‍നിന്നുള്ള നേരിട്ടുള്ള രക്ഷാപ്രവർത്തന സഹായം ആവശ്യമില്ലെന്ന് നേപ്പാള്‍ സർക്കാർ അറിയിച്ചു. വിദേശ സംഘങ്ങളുടെ സാന്നിധ്യം രക്ഷാപ്രവർത്തനത്തിന്റെ ഏകോപനത്തെ ബാധിച്ചേക്കുമെന്ന വിലയിരുത്തലിലാണ് തീരുമാനം. എന്നാല്‍ സാമ്പത്തിക സഹായവും മരുന്നുകള്‍ ഉള്‍പ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികളും സ്വീകരിക്കുമെന്ന് നേപ്പാള്‍ വ്യക്തമാക്കി.

ഇന്ത്യക്കാരുടെ കാര്യത്തില്‍ ആശ്വാസകരമായ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. 288 ഇന്ത്യൻ പൗരന്മാരെ കാണാനില്ലെന്ന് ഇന്നലെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നെങ്കിലും 84 പേരെ പിന്നീട് കണ്ടെത്തി. ഇവരില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

13,000 ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തില്‍

നേപ്പാള്‍ സൈന്യം, ദുരന്തനിവാരണ സേന തുടങ്ങിയ വിഭാഗങ്ങളില്‍നിന്നായി ഏകദേശം 13,000 ഉദ്യോഗസ്ഥരെയാണ് രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചിരിക്കുന്നത്. ഇതുവരെ 573 പേരെ ഹെലികോപ്റ്റർ ഉപയോഗിച്ച്‌ രക്ഷപ്പെടുത്തിയിട്ടുണ്ട്.

ദുരന്തബാധിത മേഖലയില്‍നിന്ന് ഹെലികോപ്റ്റർ ഉള്‍പ്പെടെയുള്ള മാർഗങ്ങളിലൂടെ 796 പേരെ രക്ഷപ്പെടുത്തിയതായി നേപ്പാള്‍ പൊലീസ് അറിയിച്ചു. രക്ഷപ്പെടുത്തിയവരില്‍ 50 വിദേശികളും ഉള്‍പ്പെടുന്നു. എന്നാല്‍ ഇവർ ഏത് രാജ്യക്കാരാണെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.

നേപ്പാളില്‍ 910 പേരെയും തിബറ്റില്‍ 558 പേരെയും കാണാതായെന്നാണ് ഔദ്യോഗിക കണക്ക്. യഥാർഥ മരണവും കാണാതായവരുടെയും എണ്ണം നിലവിലെ കണക്കുകളേക്കാള്‍ ഉയർന്നേക്കാമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

സൈനികരും സർക്കാർ ജീവനക്കാരും കാണാതായി

ദുരന്തത്തില്‍ 44 നേപ്പാളി സൈനികരെയും 28 നേപ്പാള്‍ പൊലീസ് ഉദ്യോഗസ്ഥരെയും സായുധ പൊലീസ് സേനയിലെ 13 പേരെയും കാണാതായതായി സ്ഥിരീകരിച്ചിട്ടുണ്ട്. കസ്റ്റംസ് ഓഫിസുകളിലും ഹൈഡ്രോ പവർ പദ്ധതികളിലും ജോലി ചെയ്തിരുന്ന 160 പേരെയും കണ്ടെത്താനായിട്ടില്ല.

ദുരന്തബാധിത പ്രദേശങ്ങളില്‍നിന്ന് ഹെലികോപ്റ്ററുകളും മറ്റ് രക്ഷാമാർഗങ്ങളും ഉപയോഗിച്ച്‌ ഏകദേശം 800 പേരെ ഒഴിപ്പിച്ചതായും അധികൃതർ അറിയിച്ചു.

നേപ്പാളിലേക്ക് കൂടുതല്‍ സഹായവുമായി ഇന്ത്യ

ദുരന്തബാധിത നേപ്പാളിന് കൂടുതല്‍ സഹായമെത്തിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങള്‍ ഇന്നും സർവീസ് നടത്തും. ഇതുവരെ രണ്ട് വിമാനങ്ങളിലായി 47.5 ടണ്ണിലേറെ ദുരിതാശ്വാസ സാമഗ്രികള്‍ ഇന്ത്യ നേപ്പാളിലെത്തിച്ചിട്ടുണ്ട്.

ദുരന്തനിവാരണ ഉപകരണങ്ങള്‍, മരുന്നുകള്‍, ഭക്ഷണപ്പൊതികള്‍ എന്നിവയ്ക്ക് പുറമെ തകർന്ന ഗതാഗതബന്ധം പുനഃസ്ഥാപിക്കാൻ ആവശ്യമായ ബെയ്‌ലി പാലം നിർമാണ സാമഗ്രികളും ഇന്ത്യൻ വ്യോമസേന എത്തിക്കും.

നേരിട്ടുള്ള രക്ഷാപ്രവർത്തനത്തിനായി എൻ.ഡി.ആർ.എഫ് സംഘത്തെ അയയ്ക്കുക നേപ്പാള്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ മാത്രമായിരിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

ബിഹാർ, യു.പി അതിർത്തികളില്‍ ജാഗ്രത

നേപ്പാളില്‍നിന്നുള്ള പ്രളയജലം ഒഴുകിയെത്തുന്നതിനാല്‍ ബിഹാർ, ഉത്തർപ്രദേശ് അതിർത്തി മേഖലകളില്‍ ജാഗ്രത തുടരുകയാണ്. ഗണ്ഡക് നദീതീരത്ത് ഇന്നലെ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി. നേപ്പാളില്‍നിന്ന് ഒഴുകിയെത്തിയ മൃതദേഹങ്ങളാകാമെന്നാണ് പ്രാഥമിക നിഗമനം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam