മലപ്പുറം: നിലമ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വൻ നാശനഷ്ടം. പെരുമ്പത്തൂര്‍ ആലോടി നാലകത്ത് ഹൈദരാലിയുടെ വീട്ടിലെത്തിയ കാട്ടാന ഏറെ നേരം സ്ഥലത്ത് തമ്പടിച്ചു.
ഹൈദരാലിയുടെ വീടിന്റെ മതിലും ഗെയ്റ്റും ആന തകർക്കുകയും ചെയ്തു. മാത്രമല്ല വീട്ടുവളപ്പിലുണ്ടാ യിരുന്ന കൃഷിയും ആന നശിപ്പിച്ചു. ഇതിന് മുൻപും ഹൈദരാലിയുടെ വീടിന്റെ മതിലും ഗെയ്റ്റും കാട്ടാന തകര്‍ത്തിരുന്നു. പുതിയ മതിലും ഗെയ്റ്റും സ്ഥാപിച്ചിട്ട് ആറുമാസം ആയിട്ടുള്ളു. അപ്പോഴാണ് വീണ്ടും മറ്റൊരു കാട്ടാന ആക്രമണം കൂടി ഉണ്ടാകുന്നത്. കാനകുത്ത് വനമേഖലയില്‍ നിന്നും കാഞ്ഞിരപ്പുഴ നീന്തി കടന്നാണ് ഇവിടേക്ക് കാട്ടാനകളെത്തുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സോളാര്‍ വൈദ്യുത തൂക്കുവേലി തകര്‍ത്ത് കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.
അതേസമയം, കോതമംഗലം കട്ടപ്പന പാതയിലും ഇന്ന് കാട്ടാന ആക്രമണം റിപ്പോർട്ട് ചെയ്തു. നേര്യമംഗലം ചെമ്പന്‍ കുഴിയിലാണ് സംഭവം. ഇവിടെ ഇന്ന് രാവിലെ രണ്ട് കാട്ടാനകളാണ് എത്തിയത്. ആനയുടെ ആക്രമണത്തില്‍ നിന്നും ബൈക്ക് യാത്രികനും കാര്‍ യാത്രികനും രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. നഗരംപാറ ഫോറസ്റ്റ് സ്‌റ്റേഷന് തൊട്ട് സമീപമാണ് ആനകള്‍ എത്തിയത്. മേഖലയില്‍ കഴിഞ്ഞ ദിവസവും കാട്ടാനകളുടെ സാന്നിധ്യമുണ്ടായിരുന്നു. മേഖലയില്‍ ഫെന്‍സിംഗ് സ്ഥാപിച്ചിരിക്കുന്നത് അശാസ്ത്രീയമായാണ് എന്നാണ് നാട്ടുകാരുടെ ആരോപണം.

