വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയില്‍ ട്രാഫിക് ജങ്ഷനില്‍ ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും പരസ്യമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.
മങ്കേരി കട്ടച്ചിറ സ്വദേശിയായ കബീർ (39) ആണ് പിടിയിലായത്. ഞായറാഴ്ച രാവിലെ 11.25ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ട്രാഫിക് നിയന്ത്രണ ചുമതല നിർവഹിച്ചുകൊണ്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്തിയാണ് പ്രതി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് പൊലീസ് അറിയിച്ചു. വളാഞ്ചേരി ജങ്ഷനില്‍ ട്രാഫിക് ചുമതലയുണ്ടായിരുന്ന പൊലീസിന് നേരെയാണ് അതിക്രമമുണ്ടായത്. പട്ടാമ്പി ഭാഗത്തുനിന്നും വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ബസിലിരുന്ന പ്രതി, പൊലീസുകാരന്റെ ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ എന്തോ വസ്തു എറിഞ്ഞുവെന്നാണ് പരാതി. തുടർന്ന് പൊതുജനങ്ങള്‍ക്കിടയില്‍ വെച്ച് കേട്ടാലറക്കുന്ന അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു.
ഡ്യൂട്ടി തടസ്സപ്പെടുത്തുകയും പൊലീസ് ഉദ്യോഗസ്ഥനെ മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്തതിനെ തുടർന്ന് ട്രാഫിക്കില്‍ ഉണ്ടായിരുന്ന പൊലീസ് നല്‍കിയ പരാതിയിലാണ് വളാഞ്ചേരി പൊലീസ് കേസെടുത്തത്. സംഭവത്തിന് പിന്നാലെ വളാഞ്ചേരി സബ് ഇൻസ്പെക്ടർ എം. നിർമലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിക്കെതിരെ തുടർ നിയമനടപടികള്‍ സ്വീകരിച്ചതായും പൊലീസ് അറിയിച്ചു. മോഷണം ഉള്‍പ്പെടെ പ്രതിയുടെ പേരില്‍ നിരവധി കേസുകള്‍ ഉണ്ട്.

