കുവൈത്ത് സിറ്റി: കുവൈത്തില്‍ നിരോധിത പുകയില ഉല്‍പ്പനങ്ങള്‍ വിറ്റ കടയില്‍ റെയ്ഡ് നടത്തി നാല് ഏഷ്യൻ പ്രവാസികളെ പിടികൂടി.
കുവൈത്തിലെ മിർഖാബിലാണ് സംഭവം. നിരോധിത പുകയില ഉല്‍പ്പന്നങ്ങളായ 'തമ്പാക്ക്' (ഗുഡ്ക/ഖൈനി) കടയില്‍ വില്പന നടത്തി വരികയായിരുന്നു പ്രതികള്‍. കാപ്പിറ്റല്‍ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റാണ് പരിശോധന നടത്തിയത്.
പ്രതികളില്‍ നിന്ന് 9,826 കുവൈത്ത് ദിനാറും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. മേഖലയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം ഒരു കടയ്ക്ക് മുന്നില്‍ വൻതോതില്‍ പ്രവാസി തൊഴിലാളികള്‍ തടിച്ചുകൂടിയത് ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് സംഘത്തെ കണ്ടതോടെ പലരും സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. തുടർന്ന് കടയുടമയെയും സഹായിയെയും മറ്റ് രണ്ട് പ്രവാസികളെയും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
നിരോധിത പുകയില ഉല്‍പ്പന്നങ്ങളും നിക്കോട്ടിൻ അടങ്ങിയ മറ്റ് വസ്തുക്കളും വാങ്ങാനാണ് ആളുകള്‍ അവിടെ തടിച്ചുകൂടിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഇൻസ്പെക്ടർ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ഇവ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവന്ന നിരോധിത ഉല്‍പ്പന്നങ്ങളാണെന്ന് സ്ഥിരീകരിച്ചു. പിടിയിലായവർക്കെതിരെ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
മറ്റൊരു സംഭവത്തില്‍ സായിദ് രാജ്യാന്തര വിമാനത്താവളം വഴി വൻ തോതില്‍ കൊക്കെയ്ൻ കടത്താൻ നടത്തിയ ശ്രമം കസ്റ്റംസ് അധികൃതർ ഇന്നലെ തകർത്തു. ആഫ്രിക്കൻ രാജ്യത്തുനിന്ന് എത്തിയ യാത്രക്കാരനാണ് ലഹരിമരുന്നുമായി എത്തിയത്. ഇയാളുടെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 1.4 കിലോയിലധികം കൊക്കെയ്ൻ പിടികൂടി.
സാധാരണ പരിശോധനയ്ക്കിടെയാണ് യാത്രക്കാരന്റെ പെരുമാറ്റത്തില്‍ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. തുടർന്ന് വിശദമായ പരിശോധനയ്ക്കായി ഇയാളെ മാറ്റി. ആശുപത്രിയില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ കുടലിനുള്ളില്‍ ലഹരിമരുന്ന് ഒളിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി. ഇയാളുടെ ശരീരത്തില്‍നിന്ന് കൊക്കെയ്ൻ നിറച്ച 100 ഗുളികകളാണ് പുറത്തെടുത്തത്. ഇവയുടെ ആകെ ഭാരം 1,418 ഗ്രാമാണെന്ന് അധികൃതർ അറിയിച്ചു.

