തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്ത് നിയമസഭയില്‍ ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ചട്ടങ്ങള്‍ മറികടന്ന് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നുവെന്ന ഗുരുതര ആരോപണങ്ങള്‍.
സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർദേശപ്രകാരം നിയമസഭാ സെക്രട്ടേറിയറ്റ് നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഉദ്യോഗസ്ഥരുടെ മൊഴികളിലൂടെ നിർണായക വിവരങ്ങള്‍ പുറത്തുവന്നത്.
പരിശോധനയില്‍ പങ്കെടുത്ത ഒരു ഉദ്യോഗസ്ഥന്റെ മൊഴിപ്രകാരം, ഏതാനും വർഷങ്ങള്‍ക്ക് മുൻപ് രാത്രി സമയത്ത് ഊരാളുങ്കലിന്റെ പേരില്‍ ഡിജിറ്റല്‍ ഉപകരണങ്ങളുമായി ലോറി നിയമസഭയിലെത്തി. 13 പെട്ടികളിലായെത്തിയ ഉപകരണങ്ങള്‍ പ്രവർത്തനക്ഷമമാണോയെന്ന് പരിശോധിക്കാതെ സ്വീകരിക്കാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചെങ്കിലും മേലുദ്യോഗസ്ഥരില്‍ നിന്ന് ശക്തമായ സമ്മർദമുണ്ടായതായാണ് വെളിപ്പെടുത്തല്‍.
തുടർന്ന് ഉപകരണങ്ങള്‍ പരിശോധന കൂടാതെ സ്റ്റോറിലേക്ക് മാറ്റാൻ നിർദേശം ലഭിച്ചതിനെ തുടർന്ന് അവ കൈപ്പറ്റി. ഇതിന് പിന്നാലെ തന്നെ കോടിക്കണക്കിന് രൂപയുടെ ബില്‍ സമർപ്പിക്കപ്പെട്ടതും അത് പാസാക്കേണ്ടിവന്നതുമാണ് ഉദ്യോഗസ്ഥന്റെ മൊഴി.
ഇതിന് പുറമെ, ഊരാളുങ്കലുമായി ബന്ധപ്പെട്ട ഫയലുകള്‍ക്ക് അസാധാരണ വേഗത്തില്‍ അനുമതി ലഭിച്ചിരുന്നുവെന്നും മറ്റ് ചില ഉദ്യോഗസ്ഥർ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നിയമസഭാ സെക്രട്ടേറിയറ്റ് സമഗ്ര അന്വേഷണത്തിന് തുടക്കമിട്ടു. ഊരാളുങ്കല്‍ ഉള്‍പ്പെടെ വിവിധ കരാറുകാർ നടപ്പാക്കിയ പദ്ധതികളുടെ നിലവിലെ സ്ഥിതി, ഇതിനായി ചെലവഴിച്ച തുക, മറ്റ് വിശദാംശങ്ങള്‍ എന്നിവ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ നിയമസഭയിലെ എല്ലാ വകുപ്പുകള്‍ക്കും സെക്രട്ടേറിയറ്റ് നിർദേശം നല്‍കിയിട്ടുണ്ട്.

