കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തി.
സണ്‍റൈസേഴ്സ് ഹൈദരാബാദിനോടേറ്റ കനത്ത തോല്‍വിക്ക് പിന്നാലെയാണ് അജിങ്ക്യക്കെതിരെ വിമർശനം ഉയർന്നത്. ഈഡൻ ഗാർഡൻസില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 65 റണ്‍സിന്റെ തകർപ്പൻ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.
ഇതിന് പിന്നാലെ ഉയർന്ന വിമർശനത്തില്‍ തന്‍റെ സ്ട്രൈക്ക് റേറ്റിനെ ചോദ്യം ചെയ്യുന്നവർക്ക് പിന്നില്‍ വ്യക്തമായ അജണ്ടയുണ്ടെന്നും താൻ നേടിയ വിജയങ്ങളില്‍ അവർക്ക് അസൂയയാണെന്നും രഹാനെ തുറന്നടിച്ചു. മത്സരത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് രഹാനെ പൊട്ടിത്തെറിച്ചത്.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ തോല്‍വിയും രഹാനെയുടെ ബാറ്റിംഗ് ശൈലിയും വലിയ ചർച്ചയായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കളയുന്ന നിലപാടാണ് 37-കാരനായ താരം സ്വീകരിച്ചത്. എന്റെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് സംസാരിക്കുന്നവർ ഒന്നുകില്‍ കളി കാണുന്നില്ല, അല്ലെങ്കില്‍ അവർക്ക് എന്നോട് വ്യക്തിപരമായ എന്തോ അജണ്ടയുണ്ട്. ഞാൻ കളിക്കുന്നത് അവർക്ക് ഇഷ്ടമല്ല. ഞാൻ ഇതുവരെ നേടിയ വിജയങ്ങളില്‍ അവർക്ക് അസൂയയാണ്. അതുകൊണ്ട് എനിക്ക് വലിയ ആശങ്കയൊന്നുമില്ല. ഞാൻ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് നന്നായി അറിയാം- രഹാനെ പറഞ്ഞു.
തന്‍റെ 200-ാം ഐപിഎല്‍ മത്സരത്തില്‍ 10 പന്തില്‍ 8 റണ്‍സ് മാത്രമെടുത്ത് പുറത്തായതിനെ രഹാനെ ന്യായീകരിച്ചു. അതൊരു മോശം ഇന്നിംഗ്‌സ് ആണെന്ന് ഞാൻ കരുതുന്നില്ല. റണ്‍സ് കണ്ടെത്താനുള്ള ശ്രമം എന്‍റെ ഭാഗത്തുനിന്നുണ്ടായിരുന്നു. ചിലപ്പോള്‍ ബാറ്റിംഗില്‍ ആ താളം കിട്ടില്ല. കളി അറിയാത്തവരാണ് എന്നെക്കുറിച്ച് സംസാരിക്കുന്നത്. ഞാനെന്‍റെ കളി ഇത്രത്തോളം മെച്ചപ്പെടുത്തുമെന്ന് അവർ കരുതിയിരുന്നില്ല- രഹാനെ കൂട്ടിച്ചേർത്തു. മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ മത്സരത്തില്‍ 40 പന്തില്‍ 67 റണ്‍സ് നേടിയ കാര്യം രഹാനെ ഓർമ്മിപ്പിച്ചു. ഒരു ഇന്നിംഗ്‌സിലെ പരാജയം വെച്ച് തന്നെ വിലയിരുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
പവർപ്ലേ ഓവറുകളില്‍ ഭയമില്ലാതെ ബാറ്റ് ചെയ്യുക എന്നതാണ് ടീമിന്‍റെ നയമെന്ന് രഹാനെ വ്യക്തമാക്കി. ഫിൻ ആലനുമായുള്ള ഓപ്പണിംഗ് കൂട്ടുകെട്ടില്‍ താൻ സംതൃപ്തനാണ്. തോല്‍വികളിലും തന്‍റെ ശൈലി മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും വിമർശകർ പറഞ്ഞുകൊണ്ടേയിരിക്കട്ടെ എന്നും രഹാനെ പറഞ്ഞു.
ഹൈദരാബാദ് ഉയർത്തിയ 227 റണ്‍സ് പിന്തുടർന്ന കൊല്‍ക്കത്ത 161 റണ്‍സിന് പുറത്തായി 65 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങിയ കൊല്‍ക്കത്ത പോയിന്‍റ് പട്ടികയില്‍ ഒൻപതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

