രാജ്കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയില്‍, അമ്മയുടെ ലിവിങ് പങ്കാളിയെ കുത്തിക്കൊലപ്പെടുത്തിയ മകൻ അറസ്റ്റില്‍.
ചൊവ്വാഴ്ച നടന്ന ഈ സംഭവം നിരവധി പേർ നോക്കിനില്‍ക്കെയാണ് അരങ്ങേറിയത്. രാജ്‌കോട്ട് സ്വദേശിയായ കമലേഷ് (35) ആണ് കൊല്ലപ്പെട്ടത്. കൊലപാതക ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പ്രതിയായ 20 വയസ്സുകാരൻ ജയന്ത് വഗേലയന് അറസ്റ്റിലായത്. കമലേഷിനൊപ്പം താമസിച്ചിരുന്ന നീതയുടെ മകനാണ് ജയന്ത്.
സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇടവഴിയിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച കമലേഷിനെ ജയന്ത് പിന്തുടർന്ന് പിടികൂടുകയും മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ക്രൂരമായി കുത്തുകയുമായിരുന്നു. അഞ്ചിലധികം തവണ കുത്തേറ്റ കമലേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
അമ്മ നീതയും കമലേഷും കഴിഞ്ഞ 12 വർഷമായി ഒന്നിച്ചാണ് താമസം. എന്നാല്‍ ജയന്തിന്‍റെ അച്ഛൻ ജീവിച്ചിരുന്ന സമയത്തുതന്നെ അമ്മ കമലേഷുമായി അടുപ്പത്തിലായതില്‍ ജയന്തിന് കടുത്ത വൈരാഗ്യമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും കൊല്ലപ്പെട്ട കമലേഷിന്‍റെ സഹോദരൻ കപില്‍ (25) നല്‍കിയ പരാതിയില്‍ പറയുന്നു.
നാട്ടുകാർ നോക്കിനില്‍ക്കെയാണ് കൊലപാതകം നടന്നത്. തന്നോട് ദയ കാണിക്കണമെന്നും താൻ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കമലേഷ് നിലവിളിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം.
അതേപോലെ "ഞാൻ നിനക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലേ?" എന്ന് ജയന്ത് ചോദിക്കുന്നത് കേള്‍ക്കാമെന്ന് പറയപ്പെടുന്നു. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ആ വ്യക്തി ആരാണെന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. സംഭവത്തില്‍ വിശദ അന്വേഷണം നടക്കുന്നുണ്ട്.

