ഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. പ്രധാനമന്ത്രിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി.
മുപ്പത്തേഴ് ദിവസമായി സിജെപി (കോക്രോച്ച് ജനത പാർട്ടി) നടത്തുന്ന സമരത്തിന് മുന്നില്‍ കീഴടങ്ങിക്കൊണ്ടാണ് ധർമേന്ദ്ര പ്രധാൻ രാജി വെച്ചിരിക്കുന്നത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നായിരുന്നു സിജെപി ഉന്നയിച്ചിരുന്ന ആവശ്യം. ഒടുവില്‍ ഈ ആവശ്യം അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. വിദ്യാർഥി പ്രതിഷേധത്തിന് മുന്നില്‍ കേന്ദ്ര സർക്കാരിന് മുട്ടുമടക്കേണ്ടിവന്നെന്നാണ് ധർമേന്ദ്ര പ്രധാന്റെ രാജി തെളിയിക്കുന്നത്. ധർമേന്ദ്ര പ്രധാന്റെ രാജിയെ ആദ്യഘട്ടത്തില്‍ കേന്ദ്രം അനുകൂലിച്ചിരുന്നില്ല. എന്നാല്‍ പ്രധാൻ രാജിവെക്കാതെ പ്രതിഷേധത്തില്‍ നിന്നും പിന്നോട്ട് പോകില്ലെ ന്ന് സമരക്കാർ നിലപാട് വ്യക്തമാക്കിയതോടെ കേന്ദ്ര സർക്കാരിന് ഗത്യന്തരമില്ലാതെ കീഴടങ്ങേണ്ടി വരികയായിരുന്നു.
ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന കോക്രോച്ച് ജനത പാർട്ടി രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. പ്രധാൻ രാജി വെച്ചില്ലെങ്കില്‍ ഡല്‍ഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഞായറാഴ്ച വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാർച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളില്‍ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി വ്യക്തമാക്കി. പിന്നാലെയാണ് രാജി.

