Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഒരാഴ്ചയ്ക്കിടെ കടിയേറ്റത് എട്ട് പേര്‍ക്ക്; തൃശൂരില്‍ കുറുനരിയുടെ വിളയാട്ടം, വനംവകുപ്പിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് നാട്ടുകാര്‍

ഒരാഴ്ചയ്ക്കിടെ കടിയേറ്റത് എട്ട് പേര്‍ക്ക്; തൃശൂരില്‍ കുറുനരിയുടെ വിളയാട്ടം, വനംവകുപ്പിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് നാട്ടുകാര്‍

Media Mangalam 1 week ago

തൃശ്ശൂർ: തൃശൂരില്‍ കുറുനരിയുടെ വിളയാട്ടം. പാവറട്ടിയിലെ തീരദേശ മേഖലയില്‍ ഭീതി വ്യാപിക്കുന്നു. ഒരാഴ്ചയ്ക്കിടെ എട്ട് പേരെയാണ് കുറുനരി കടിച്ചത്.

കടിയേറ്റവർ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കുറുനരികളെ പിടികൂടി മാറ്റണമെന്നാണ് ആവശ്യം. സംഭവത്തെ തുടർന്ന് പാവറട്ടി പഞ്ചായത്ത് വനംവകുപ്പിനെ സമീപിച്ചു. പ്രദേശത്ത് നാളുകളായി കുറുനരി വിലസുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

കഴിഞ്ഞയാഴ്ച ഒരു യുവാവിനെ കുറുനരി ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അപ്രതീക്ഷിത സമയങ്ങളിലാണ് ആക്രമണങ്ങള്‍ നടക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. മരുതയൂർ സ്വദേശിനിയായ രാധയെ വീട്ടിനകത്ത് കിടന്നുറങ്ങുന്നതിനിടെയാണ് കുറുനരി ആക്രമിച്ചത്.

മനുഷ്യരെ മാത്രമല്ല, നാല് പശുക്കളെയും ചില നായ്ക്കളെയും കുറുനരി ആക്രമിച്ചിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. സുരക്ഷ മുൻനിർത്തി വീടുകള്‍ക്ക് സമീപമുള്ള പൊന്തക്കാടുകള്‍ വെട്ടിമാറ്റാൻ പഞ്ചായത്ത് നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ തീരദേശ മേഖലയിലെ കണ്ടല്‍ക്കാടുകള്‍ നീക്കം ചെയ്യാൻ കഴിയാത്തത് പ്രതിസന്ധി വർധിപ്പിക്കുകയാണ്.

വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍-1 വിഭാഗത്തില്‍പ്പെടുന്ന ജീവിയായതിനാല്‍ കുറുനരികളെ പിടികൂടാൻ പ്രത്യേക അനുമതിയും നടപടിക്രമങ്ങളും ആവശ്യമാണ്. നിയമാനുസൃതമായി കൂടുകള്‍ സ്ഥാപിച്ച്‌ ഇവയെ പിടികൂടി മാറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

തീരദേശത്ത് ഏകദേശം 50 മീറ്റർ പ്രദേശം സിആർസെഡ് പരിധിയിലായതിനാല്‍ നിർമ്മാണ പ്രവർത്തനങ്ങളോ വൻതോതിലുള്ള ഇടപെടലുകളോ നടത്താൻ കഴിയുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആന്റോ ലിജോ പറഞ്ഞു. കുറ്റിക്കാടുകള്‍ വ്യാപകമായി നിലനില്‍ക്കുന്നതും കുറുനരികളുടെ സാന്നിധ്യം വർധിക്കാൻ കാരണമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മറ്റൊരു സംഭവത്തില്‍ കഴിഞ്ഞ ദിവസം അങ്കമാലി നായത്തോട് ആറ് സെന്റ്‌ ഭാഗത്ത് പാടശേഖരത്തില്‍ പൊട്ടിവീണ വൈദ്യുതിലൈനില്‍നിന്ന് ഷോക്കേറ്റ്‌ ഏഴ് കുറുനരികള്‍ ചത്തു. ശബരി റെയില്‍പ്പാതയോട് ചേർന്നുള്ള പ്രദേശത്തായിരുന്നു സംഭവം.
പാടശേഖരത്തിനുസമീപം താമസിക്കുന്ന ആളാണ് രാവിലെ ആറിന് വൈദ്യുതിലൈൻ പൊട്ടിവീണത് കണ്ടത്. തുടർന്നാണ്‌ വൈദ്യുതിക്കമ്പിയില്‍ രണ്ട് കുറുനരികള്‍ കടിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്‌. സമീപം മറ്റ്‌ അഞ്ചെണ്ണത്തെയും ചത്തനിലയില്‍ കണ്ടെത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam