രാജ്യത്തെ വെള്ളി വിപണിയില്‍ വ്യാജവും ഗുണനിലവാരം കുറഞ്ഞതുമായ വെള്ളി നാണയങ്ങളും ബാറുകളും വ്യാപകമാകുന്നതായി റിപ്പോർട്ടുകള്‍.
ഉപഭോക്താക്കള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതിനൊപ്പം വിപണിയുടെ വിശ്വാസ്യതയെയും ഇത് ബാധിക്കുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു. ഈ സാഹചര്യത്തില്‍ വെള്ളി ഉല്‍പ്പന്നങ്ങള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS) ഹാള്‍മാർക്കിങ് നിർബന്ധമാക്കണമെന്നും പ്രഷ്യസ് മെറ്റല്‍സ് റിഫൈനർമാർ ആവശ്യപ്പെട്ടു.
വിപണിയില്‍ സുതാര്യതയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനായി വെള്ളി ശുദ്ധീകരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ലൈസൻസിങ് സംവിധാനം കൊണ്ടുവരണമെന്നും ഇവർ നിർദേശിക്കുന്നു. നിലവില്‍ വലിയൊരു വിഭാഗം ജ്വല്ലറികളും ഹാള്‍മാർക്കിങ് നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നില്ലെന്നാണ് ആരോപണം.
വിപണിയില്‍ വില്‍ക്കുന്ന പല വെള്ളി ബാറുകള്‍ക്കും നാണയങ്ങള്‍ക്കും നിർദ്ദിഷ്ടമായ '999' ശുദ്ധിയില്ലെന്നും ബിഐഎസ് അംഗീകൃത ഹാള്‍മാർക്കും ഇല്ലെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. അതിലും ആശങ്കാജനകമായി, ചില വെള്ളി ഉല്‍പ്പന്നങ്ങളില്‍ ആരോഗ്യത്തിന് ഹാനികരമായ നിക്കല്‍, കാഡ്മിയം, ലെഡ് പോലുള്ള നിരോധിത ഘടകങ്ങളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.
പഴയ വെള്ളി ആഭരണങ്ങള്‍ ഉരുക്കി അതില്‍ ചെറിയ അളവില്‍ മാത്രം ശുദ്ധ വെള്ളി ചേർത്താണ് പുതിയ ആഭരണങ്ങളുടെ വലിയൊരു വിഭാഗവും നിർമ്മിക്കുന്നതെന്നാണ് റിഫൈനർമാർ ചൂണ്ടിക്കാട്ടുന്നത്. ഇത് ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തെ ഗുരുതരമായി ബാധിക്കുന്നുവെന്നും അവർ പറയുന്നു.
ഇന്ത്യയില്‍ പ്രതിവർഷം ഏകദേശം 7,000 ടണ്‍ വെള്ളി വിറ്റഴിക്കപ്പെടുന്നുണ്ടെങ്കിലും ഗുണനിലവാരം പരിശോധിക്കാൻ രാജ്യത്താകെ വെറും 286 ഹാള്‍മാർക്കിങ് കേന്ദ്രങ്ങള്‍ മാത്രമാണുള്ളത്. അതേസമയം, 800 മുതല്‍ 850 ടണ്‍ വരെ മാത്രം വിറ്റഴിക്കപ്പെടുന്ന സ്വർണ്ണത്തിനായി 1,595 ഹാള്‍മാർക്കിങ് കേന്ദ്രങ്ങളുണ്ട്.
ഇന്ത്യയിലെ വെള്ളി വിപണി വേഗത്തില്‍ വ്യാപിക്കുമ്പോഴും ഗുണനിലവാര നിയന്ത്രണത്തിലെ പോരായ്മകള്‍ വലിയ ആശങ്കയായി മാറുകയാണ്. ക്ഷേത്രങ്ങളില്‍ സമർപ്പിക്കുന്ന ശുദ്ധ വെള്ളി പോലും പലപ്പോഴും നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് റിഫൈനർമാരുടെ സംഘടന വ്യക്തമാക്കി.
വ്യാജ ഉല്‍പ്പന്നങ്ങളും നിലവാരമില്ലാത്ത വെള്ളിയും വിപണിയില്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍, ഹാള്‍മാർക്കിങ് സംവിധാനം കൂടുതല്‍ ശക്തമാക്കുകയും പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അംഗീകൃത റിഫൈനറികളില്‍ നിന്നുള്ള ഹാള്‍മാർക്ക് ചെയ്ത വെള്ളി ബാറുകളും നാണയങ്ങളും വിപണിയിലെത്തിക്കുന്നതിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് മേഖല.

