Dailyhunt
ഒറ്റ ക്ലിക്ക് മതി, കാര്‍ തനിയെ വിളിപ്പുറത്തെത്തും; ദുബായില്‍ ഡ്രൈവറില്ലാ ടാക്‌സികള്‍ എത്തി

ഒറ്റ ക്ലിക്ക് മതി, കാര്‍ തനിയെ വിളിപ്പുറത്തെത്തും; ദുബായില്‍ ഡ്രൈവറില്ലാ ടാക്‌സികള്‍ എത്തി

Media Mangalam 1 week ago

സാങ്കേതിക വിപ്ലവത്തിന്റെ മറ്റൊരു വലിയ ചുവടുവെപ്പായി ദുബായില്‍ ഡ്രൈവറില്ലാ ടാക്‌സികള്‍ വാണിജ്യ സേവനത്തിലേക്ക് കടന്നു.

ഗതാഗതരംഗത്ത് ഭാവിയുടെ മാതൃക സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെ, സ്മാർട്ട് മൊബിലിറ്റിയിലേക്ക് നഗരത്തെ വേഗത്തില്‍ മാറ്റാൻ അധികൃതർ നീക്കം ശക്തമാക്കുകയാണ്.

ദുബായ് ടാക്സി കമ്പനി (ഡി.ടി.സി.) ബൈദു ഇൻകോർപ്പറേറ്റഡുമായി സഹകരിച്ച്‌ 50 സ്വയംനിയന്ത്രിത ടാക്‌സികളാണ് ആദ്യഘട്ടത്തില്‍ പുറത്തിറക്കിയത്. അപ്പോളോ ഗോ ആപ്പ് വഴി താമസക്കാരും സന്ദർശകരും യാത്രകള്‍ ബുക്ക് ചെയ്യാം. 2030ഓടെ നഗരത്തിലെ യാത്രകളില്‍ 25% സ്വയംനിയന്ത്രിതമാക്കുക എന്ന ലക്ഷ്യത്തോടെ രൂപപ്പെടുത്തിയ പദ്ധതിയുടെ ഭാഗമാണിത്

ഈ കൂട്ടുകെട്ട് ഗതാഗത സാങ്കേതികവിദ്യയില്‍ പുതിയ അധ്യായമാണെന്ന് ബൈദു പ്രതിനിധികള്‍ വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവുമായ യാത്രാനുഭവം നല്‍കുകയാണ് പ്രധാന ലക്ഷ്യമെന്ന് ഡി.ടി.സി. അധികൃതരും വ്യക്തമാക്കി. സുരക്ഷ, വിശ്വാസ്യത, പ്രവർത്തന കാര്യക്ഷമത എന്നിവ ഉറപ്പാക്കി സേവനം ആരംഭിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഇതിനുമുമ്പ് തന്നെ ഉബർ ആപ്പ് മുഖേന ജുമൈര മേഖലയില്‍ ഡ്രൈവറില്ലാ ടാക്‌സികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയിരുന്നു. റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർ.ടി.എ.), ബൈദു, ഉബർ എന്നിവ ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ ജുമൈരയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിലാണ് സേവനം ലഭ്യമാകുന്നത്. പൊതുജന പ്രതികരണം വിലയിരുത്തി ഇത് മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കും.

ഇതിനോടൊപ്പം, വി റൈഡ് കമ്പനിയും യു.എ.ഇ.യിലും സൗദി അറേബ്യയിലും റോബോ ടാക്‌സി സേവനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്. അബുദാബി, റിയാദ് എന്നിവിടങ്ങളില്‍ കൂടി സേവനം എത്തിക്കുന്ന പദ്ധതിയാണ്. അടുത്ത വർഷാവസാനത്തോടെ ഏകദേശം 1200 റോബോ ടാക്‌സികള്‍ വിന്യസിക്കാനാണ് ലക്ഷ്യം.

ഡ്രൈവറില്ലാ ടാക്‌സികളുടെ വരവ് നഗര ഗതാഗതരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നുണ്ട്. ഭാവിയിലെ സ്മാർട്ട് നഗരങ്ങളിലേക്ക് കടക്കാനുള്ള ദുബായുടെ ശ്രമം ഇതിലൂടെ കൂടുതല്‍ വേഗത്തിലാകുമെന്ന് വിലയിരുത്തപ്പെടുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam