Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പാകിസ്ഥാന്റെ നെഞ്ചിടിപ്പ് കൂട്ടി ഇന്ത്യയുടെ 'എച്ച്‌എംടി' വിപ്ലവം; അതിര്‍ത്തിയിലെ മുൻനിര പോരാട്ടങ്ങള്‍ക്ക് ഇനി റോബോട്ടുകള്‍

പാകിസ്ഥാന്റെ നെഞ്ചിടിപ്പ് കൂട്ടി ഇന്ത്യയുടെ 'എച്ച്‌എംടി' വിപ്ലവം; അതിര്‍ത്തിയിലെ മുൻനിര പോരാട്ടങ്ങള്‍ക്ക് ഇനി റോബോട്ടുകള്‍

Media Mangalam 1 week ago

ന്യൂഡല്‍ഹി: അതിർത്തിയിലെ നുഴഞ്ഞുകയറ്റവും ഭീകരവാദവും അടിച്ചമർത്താൻ നിർണായക ചുവടുവെപ്പുകളുമായി ഇന്ത്യൻ സൈന്യം.

മനുഷ്യ ജീവനുകള്‍ക്ക് പകരമായി കൃത്രിമബുദ്ധി (AI) അടിസ്ഥാനമാക്കിയുള്ള ഹ്യൂമനോയിഡ് റോബോട്ടുകളെ മുൻനിര പോരാട്ടങ്ങള്‍ക്കായി നിയോഗിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ശത്രുരാജ്യങ്ങള്‍ക്ക് ചിന്തിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള സാങ്കേതിക മുന്നേറ്റമാണ് പ്രതിരോധ മേഖലയില്‍ രാജ്യം ലക്ഷ്യമിടുന്നത്.

റഷ്യ-യുക്രെയിൻ യുദ്ധത്തില്‍ ഡ്രോണുകള്‍ വിപ്ലവം സൃഷ്ടിച്ചെങ്കില്‍, അതിനേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന റോബോട്ടിക് സാങ്കേതികവിദ്യയാണ് ഇന്ത്യ അണിനിരത്തുന്നത്. 2050-ഓടെ ഇന്ത്യൻ സൈന്യത്തിന്റെ മുഖച്ഛായ മാറ്റുന്ന 'പരിവർത്തന ദശകം' (Transformational Decade) എന്ന പദ്ധതിയുടെ ഭാഗമാണിത്.

ഹ്യൂമൻ മെഷീൻ ടീമിംഗ് (എച്ച്‌എം‌ടി)
മനുഷ്യ സൈനികർ നേരിട്ട് നിയന്ത്രിക്കുന്ന അപകടകരമായ ഇടങ്ങളിലെ ഓപ്പറേഷനുകളില്‍ മനുഷ്യ നിയ‌ന്ത്റണത്തിലുള്ള ഹ്യൂമനോയിഡുകള്‍ പരിശോധനയും പോരാട്ടവുമടക്കം നടത്തും. ഹ്യൂമൻ മെഷീൻ ടീമിംഗ് (എച്ച്‌എം‌ടി) എന്ന ഭാവി ആശയമാണ് വരുംനാളുകളില്‍ നടപ്പാക്കാൻ പോകുന്നത്. ഇതിനായി ഡിആർഡിഒയുടെ റിസർച്ച്‌ ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ളിഷ്‌മെന്റ് (എഞ്ചിനീയേഴ്‌സ്) എന്ന ലാബിലാണ് ഇവയെ രൂപകല്‍പന ചെയ്യുന്നത്. ഇവയുടെ സ്വയം നിയന്ത്രണം, മൊബിലിറ്റി, ബാലൻസ് എന്നിവയില്‍ വിവിധ പരീക്ഷണങ്ങള്‍ നടക്കുകയാണിപ്പോള്‍.

കൊടുംകാടുകള്‍, കുത്തനെയുള്ള പർവതനിരകള്‍, തിരക്കേറിയ നഗരപ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ വീലുകളുള്ള റോബോട്ടുകള്‍ക്ക് പ്രവർത്തിക്കാൻ പ്രയാസമായതിനാല്‍ മനുഷ്യരെപ്പോലെ ഇരുകാലുകളില്‍ ആകും ഈ സംവിധാനത്തിന്റെയും സഞ്ചാരം. വാതില്‍ തുറക്കുക, തടസങ്ങള്‍ നീക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ഇവ ചെയ്യും. മനുഷ്യർ വിവിധ മിഷനുകളില്‍ പ്രവർത്തിക്കുമ്പോള്‍ ഇത്തരം ഘട്ടങ്ങളില്‍ അപകടങ്ങള്‍ സംഭവിക്കാറുണ്ട്. എന്നാല്‍ ഹ്യൂമനോയിഡ് റോബോട്ടുകളുടെ കാര്യത്തില്‍ ആ പേടിവേണ്ട.

മനുഷ്യരെപോലെ ചലനങ്ങള്‍
മനുഷ്യരെപോലെയുള്ള ചലനങ്ങള്‍ റോബോട്ടുകള്‍ക്ക് ലഭിക്കുക എന്നത് വലിയ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതിനായി ഡിആർഡിഒ സംഘം കഠിനശ്രമത്തിലാണ്. സ്വന്തം സ്ഥാനവും ചലനവും മോണിട്ടർ ചെയ്യാൻ പ്രൊപ്രിയോസെപ്‌റ്റീവ് സെൻസറുകളും ചുറ്റുമുള്ള പരിസ്ഥിതി നിരീക്ഷിക്കാൻ എക്‌സ്‌റ്റെറോസെപ്‌റ്റീവ് സെൻസറുകളും ഇവക്കുണ്ട്. അറിവില്ലാത്ത മേഖലയില്‍ മുന്നേറാൻ കൃത്യമായ ഡിജിറ്റല്‍ മാപ്പുകള്‍ തയ്യാറാക്കുന്ന സൈമള്‍ട്ടേനിയസ് ലോക്കലൈസേഷൻ ആൻഡ് മാപ്പിംഗ് (സ്‌ലാം) എന്ന സംവിധാനവും ഇതിലുണ്ട്. മനുഷ്യരുടെ മേല്‍നോട്ടത്തില്‍ നന്നായി പ്രവർത്തിക്കാനാണ് ഈ സാങ്കേതിക വിദ്യകള്‍.

റോബോട്ടുകളെ ഉപയോഗിച്ച്‌ പ്രതിരോധ മേഖലയെ ശക്തമാക്കുകയല്ല മനുഷ്യ സൈനികരും എഐ അധിഷ്‌ഠിത സംവിധാനങ്ങളും ഒരുമിച്ച്‌ മികവോടെ പ്രവർത്തിക്കുന്ന മോഡലാണ് ഇന്ത്യൻ സൈന്യം ലക്ഷ്യമിടുന്നത്. 2050ഓടെ മനുഷ്യ സഹായത്തിനായി ഭാരമേറിയ യുദ്ധോപകരണങ്ങളും ആയുധങ്ങളും ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും ലോജിസ്റ്റിക്‌സ് ജോലികളും നിരീക്ഷണവും ഒപ്പം പ്രയാസകരമായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നതുമാണ് ഹ്യൂമനോയിഡ് റോബോട്ടുകളിലൂടെ ഉദ്ദേശിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam