ഷാർജ: ഒരു മാസം മുൻപ് ഷാർജയില്‍ നടന്ന മൂന്ന് വയസ്സ് തികയാത്ത പാക്കിസ്ഥാനി ബാലന്റെ ദാരുണ മരണത്തില്‍ നിർണായക വഴിത്തിരിവ്.
കെട്ടിടത്തിന്റെ മൂന്നാം നിലയിലെ സ്റ്റെയർകേസിലെ ജനാലയിലൂടെ താഴേക്ക് വീണ് മരിച്ച പാക്കിസ്ഥാനി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ മലയാളി കുടുംബത്തിലെയും തമിഴ് കുടുംബത്തിലെയും രണ്ട് പെണ്‍കുട്ടികളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണൂർക്കാരാണ് മലയാളി കുടുംബം.
ഷാർജയിലെ ഒരു അപ്പാർട്ട്മെന്റില്‍ താമസിച്ചിരുന്ന പ്രവാസി സജ്ജാദ് ഹുസൈന്റെ മകൻ മുഹമ്മദ് അർഷമാനാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഏകദേശം പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടികള്‍ ചേർന്നാണ് കുട്ടിയെ താഴേക്ക് എറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട സുപ്രധാന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
സംഭവത്തിലെ നിർണായക തെളിവായി സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അപ്പാർട്ട്മെന്റിന് പുറത്തുള്ള ഇടനാഴിയില്‍ കളിച്ചുകൊണ്ടിരുന്ന അർഷമാനെ പെണ്‍കുട്ടികളില്‍ ഒരാള്‍ ഗോവണിയുടെ വാതില്‍ തുറന്ന് കൈകാട്ടി വിളിക്കുന്നതും കുട്ടി അവിടേക്ക് നീങ്ങിയ ഉടൻ വാതില്‍ അടയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടർന്ന് നിമിഷങ്ങള്‍ക്കകം മൂന്നാം നിലയില്‍ നിന്ന് ഏകദേശം 14 മീറ്ററോളം താഴേക്ക് കുട്ടി വീഴുകയായിരുന്നു.
സംഭവത്തിന് ശേഷം യാതൊരു പരിഭ്രാന്തിയും പ്രകടിപ്പിക്കാതെ പെണ്‍കുട്ടികള്‍ നടന്നുപോകുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇതാണ് കേസിനെ കൂടുതല്‍ ദുരൂഹമാക്കിയത്. കുട്ടി വീണതിന്റെ കൃത്യമായ സാഹചര്യവും പിന്നിലെ ഉദ്ദേശ്യവും കണ്ടെത്താൻ വിശദമായ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
കെട്ടിടത്തില്‍ നിന്ന് ഉയർന്ന നിലവിളി കേട്ടാണ് സുരക്ഷാ ജീവനക്കാരൻ ആദ്യം സ്ഥലത്തെത്തിയത്. ആദ്യം സാധാരണ തർക്കമാണെന്നാണ് കരുതിയതെങ്കിലും താഴെയെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന കുട്ടിയെ കെട്ടിപ്പിടിച്ച് അമ്മ കരയുന്നത് കണ്ടതായാണ് അദ്ദേഹത്തിന്റെ മൊഴി. ഉടൻ തന്നെ പൊലീസിനെയും അടിയന്തര സേവന വിഭാഗങ്ങളെയും വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് കേസ് ഷാർജ പൊലീസ് ശിശുസംരക്ഷണ അതോറിറ്റിക്ക് കൈമാറി. സംഭവവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും പരിശോധിച്ചുവരികയാണെന്നും അന്തിമ നിഗമനത്തിലെത്താൻ കൂടുതല്‍ ചോദ്യം ചെയ്യലുകളും തെളിവ് ശേഖരണവും തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവില്‍ ജനിച്ച മകനെ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് കുടുംബം. രണ്ട് മാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞും ഇവർക്കുണ്ട്. കണ്ണുമുന്നില്‍ നടന്ന ദുരന്തം ഇന്നും വിശ്വസിക്കാനാകുന്നില്ലെന്ന് പിതാവ് സജ്ജാദ് ഹുസൈൻ പ്രതികരിച്ചു. മാതാപിതാക്കള്‍ മക്കളുടെ സുരക്ഷയില്‍ ഒരുനിമിഷം പോലും അലംഭാവം കാണിക്കരുതെന്ന മുന്നറിയിപ്പും അദ്ദേഹം പങ്കുവച്ചു.

