ന്യൂഡല്‍ഹി: ഇന്ത്യയിലെ മുതിർന്നവരേക്കാള്‍ വളരെ താഴ്ന്ന നിലയിലാണ് യുവാക്കളുടെ മാനസികാരോഗ്യമെന്ന് പുതിയ പഠനങ്ങള്‍.
18-നും 34-നും ഇടയില്‍ പ്രായമുള്ള ഇന്ത്യൻ യുവാക്കള്‍ മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ 84 രാജ്യങ്ങളില്‍ 60-ാം സ്ഥാനത്താണ്. അതേസമയം, 55 വയസ്സിനു മുകളിലുള്ള ഇന്ത്യക്കാർ 49-ാം സ്ഥാനത്താണെന്നത് തലമുറകള്‍ തമ്മിലുള്ള വലിയ വ്യത്യാസം വ്യക്തമാക്കുന്നു. അതേസമയം എടുത്ത് പറയേണ്ടത് കോർപ്പറേറ്റ് തൊഴിലിടങ്ങളില്‍ വർധിച്ചുവരുന്ന കടുത്ത മാനസിക സമ്മർദവും ആശങ്കകളുമാണ്. ഇത് ഇന്ത്യൻ പ്രൊഫഷണലുകളെ കാര്യമായി ബാധിക്കുന്നതായി റിപ്പോർട്ട്.
ജോലിസ്ഥലത്തെ മാനസികാരോഗ്യത്തെക്കുറിച്ച് പുറത്തുവന്ന ഏറ്റവും പുതിയ 'കോർപ്പറേറ്റ് മെന്റല്‍ ഹെല്‍ത്ത് റിപ്പോർട്ട്' പ്രകാരം തൊഴിലിടങ്ങളിലെ സമ്മർദം ലഘൂകരിക്കാനായി കൗണ്‍സിലിങ്ങും തെറാപ്പിയും തേടുന്ന ഇന്ത്യൻ ജീവനക്കാരുടെ എണ്ണത്തില്‍ 44 ശതമാനത്തിന്റെ വൻ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
'ന്യൂ ഓഫീസ് ആൻക്‌സൈറ്റി' അഥവാ പുതിയ കാലത്തെ ഓഫീസ് ആശങ്കകള്‍ ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമതയെയും വ്യക്തിജീവിതത്തെയും ഒരുപോലെ ബാധിക്കുന്നതായാണ് പഠനം വ്യക്തമാക്കുന്നത്. കോവിഡിന് ശേഷം വർക്ക് ഫ്രം ഹോം രീതികളില്‍ നിന്ന് കമ്പനികള്‍ വീണ്ടും പൂർണ്ണമായി ഓഫീസുകളിലേക്ക് മാറിയത് പലരിലും പുതിയൊരു പൊരുത്തപ്പെടല്‍ പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട്.
ആഗോളതലത്തില്‍ നടക്കുന്ന പിരിച്ചുവിടലുകളും സാമ്പത്തിക അനിശ്ചിതത്വങ്ങളും ജീവനക്കാരില്‍ കടുത്ത ആശങ്ക ഉണ്ടാക്കുന്നുണ്ട്. ജോലി സമയത്തിന് ശേഷവും ഓഫീസുമായി ബന്ധപ്പെടേണ്ടി വരുന്നത് വ്യക്തിജീവിതത്തെ ബാധിക്കുന്നുണ്ട്.
നിശ്ചിത സമയത്തിനുള്ളില്‍ അമിത ജോലി ചെയ്തുതീർക്കാനുള്ള സമ്മർദവും ഇതിന് പിന്നിലുണ്ട്. പണ്ടൊക്കെ മാനസികാരോഗ്യത്തെക്കുറിച്ച് തുറന്നുപറയാൻ ജീവനക്കാർ മടിച്ചിരുന്നെങ്കില്‍, ഇന്നത്തെ തലമുറ മാനസികാരോഗ്യത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കമ്പനികള്‍ നല്‍കുന്ന 'എംപ്ലോയി അസിസ്റ്റൻസ് പ്രോഗ്രാമുകള്‍' (EAP) വഴി തെറാപ്പിസ്റ്റുകളെയും കൗണ്‍സിലർമാരെയും സമീപിക്കാൻ ജീവനക്കാർ ഇപ്പോള്‍ മടിക്കുന്നില്ല.
'തൊഴിലിടങ്ങളിലെ മാനസിക സമ്മർദം വെറുമൊരു വ്യക്തിഗത പ്രശ്നമല്ല, മറിച്ച് അത് സ്ഥാപനത്തിന്റെ വളർച്ചയെക്കൂടി ബാധിക്കുന്ന ഒന്നാണെന്ന് കമ്പനികള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. 44% വർധനവ് കാണിക്കുന്നത് ജീവനക്കാർ സഹായം തേടാൻ തയ്യാറാകുന്നു എന്ന നല്ല വശമാണെങ്കിലും, തൊഴില്‍ സംസ്കാരത്തില്‍ വരുത്തേണ്ട അടിയന്തിര മാറ്റങ്ങളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്' മെന്റല്‍ ഹെല്‍ത്ത് വിദഗ്ധർ വിലയിരുത്തുന്നു.
പല പ്രമുഖ കോർപ്പറേറ്റ് കമ്പനികളും ജീവനക്കാർക്കായി മെന്റല്‍ ഹെല്‍ത്ത് ലീവുകള്‍, ധ്യാന സെഷനുകള്‍, ഇൻ-ഹൗസ് കൗണ്‍സിലർമാർ എന്നിവ ലഭ്യമാക്കുന്നുണ്ടെങ്കിലും, അടിസ്ഥാനപരമായ തൊഴില്‍ സമ്മർദം കുറക്കാതെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാകില്ലെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

