തൃശൂർ: പുലർച്ചെ പള്ളിയിലേക്ക് നടന്നുപോയ വയോധികയെ ക്രൂരമായി മർദിച്ച് ബോധംകെടുത്തിയ ശേഷം മൂന്ന് പവന്റെ സ്വർണവളകള്‍ കവർന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂർ തലശ്ശേരി തിരുവങ്കാട് സ്വദേശി 'ഗീതം നിവാസില്‍' റോഷൻ (46) ആണ് പിടിയിലായത്. കണ്ണൂരിലെ ഒരു പ്രമുഖ ധനകാര്യ സ്ഥാപനത്തില്‍ ഓണ്‍ലൈൻ ലോണ്‍ അപ്രൂവല്‍ ഓഫീസറായി ജോലി ചെയ്യുന്നയാളാണ് പ്രതി. ആഡംബര ജീവിതം നയിക്കാൻ വേണ്ടിയാണ് ഇയാള്‍ കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വർഷമായി ഇയാള്‍ പോട്ട വാഴക്കുന്നിലെ ഒരു വാടകവീട്ടിലായിരുന്നു താമസം.
മെയ് 30 പുലര്‍ച്ചെ 5:25 ഓടെയാണ് കവര്‍ച്ച നടന്നത്. വാഴക്കുന്ന് സ്വദേശിയായ വയോധിക പോട്ട ലിറ്റില്‍ ഫ്ലവര്‍ പള്ളിയിലേക്ക് ഉറുമ്പന്‍കുന്ന് - എഡി കറന്റ് റോഡ് വഴിയാണ് സ്ഥിരമായി പോകുന്നത്. ഇത് മനസ്സിലാക്കിയ പ്രതി വാഴക്കുന്നിന് സമീപമുള്ള വിജനമായ സ്ഥലത്തുവെച്ച് വൃദ്ധയെ ആക്രമിച്ച് മുഖം പൊത്തിപിടിച്ച് ആളൊഴിഞ്ഞ പറമ്പിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി.
തുടര്‍ന്ന് ക്രൂരമായി ഉപദ്രവിച്ച് അബോധാവസ്ഥയിലാക്കുകയും കൈയ്യിലെ ഒരു പവന്‍ വീതം തൂക്കമുള്ള മൂന്ന് സ്വര്‍ണ വളകള്‍ കവര്‍ന്നെടുത്ത് കടന്നുകളയുകയും ചെയ്തു. ആര്‍ഭാട ജീവിതം മൂലമുണ്ടായ സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് കവര്‍ച്ച നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. വയോധിക നല്‍കിയ സൂചനകള്‍ മനസിലാക്കി പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ചാലക്കുടി ഡിവൈഎസ്പി കെ പി ബെന്നി, ഇന്‍സ്പെക്ടര്‍ ടി ശശികുമാര്‍, പ്രൊബേഷന്‍ എസ് ഐ വൈശാഖ്, ഡാന്‍സാഫ് ടീം അംഗങ്ങളായ സതീശന്‍ മടപ്പാട്ടില്‍, പി എം മൂസ, വി യു സില്‍ജോ, എ യു റെജി, എം ജെ ബിനു തുടങ്ങിയവരും ഉണ്ടായിരുന്നു.

