Dailyhunt
പാമ്പ് കയറിയാല്‍ സൈറണ്‍ മുഴങ്ങുന്ന സ്നേക്ക് ക്യാച്ചര്‍; പാമ്പിനെ സുരക്ഷിതമായി പിടികൂടാൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് മുഹമ്മ സ്വദേശി ഋഷികേശ്

പാമ്പ് കയറിയാല്‍ സൈറണ്‍ മുഴങ്ങുന്ന സ്നേക്ക് ക്യാച്ചര്‍; പാമ്പിനെ സുരക്ഷിതമായി പിടികൂടാൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് മുഹമ്മ സ്വദേശി ഋഷികേശ്

Media Mangalam 1 week ago

മുഹമ്മ: വീടുകളില്‍ പാമ്പുകള്‍ കയറുമെന്ന പേടി ഇനി വേണ്ട. പാമ്പിനെ പിടികൂടാൻ പുതിയ ഉപകരണം വികസിപ്പിച്ച്‌ മുഹമ്മ സ്വദേശി ഋഷികേശ്.

'വയർലെസ് സ്നേക്ക് ക്യാച്ചിങ് ഡിവൈസ്' ആണ് ഋഷികേശ് വികസിപ്പിച്ചെടുത്തത്. പാമ്പുകളെ സുരക്ഷിതമായി പിടികൂടി വനം വകുപ്പിന് കൈമാറാൻ ഈ ഉപകരണം സഹായിക്കും. ഉപകരണത്തിലെ പൈപ്പിനുള്ളിലേക്ക് പാമ്പ് കയറുമ്പോള്‍ തന്നെ വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന റിസീവറില്‍ സൈറണ്‍ മുഴങ്ങി മുന്നറിയിപ്പ് നല്‍കുമെന്ന് ഋഷികേശ് പറയുന്നു.

പൈപ്പിന്റെ മറ്റേ അറ്റത്തുള്ള ഒരു മീറ്റർ നീളമുള്ള കറുത്ത തുണിസഞ്ചിയിലേക്ക് കയറുന്ന പാമ്പിനെ സുരക്ഷിതമായി ലോക്ക് ചെയ്ത് വനം വകുപ്പിന് കൈമാറാനാകുമെന്ന് ഋഷികേശ് പറയുന്നു. പൈപ്പിനുള്ളില്‍ പ്രത്യേകം സജ്ജീകരിച്ച രണ്ട് സെൻസറുകള്‍ ഉള്ളതിനാല്‍ പാമ്പ് കയറിയാല്‍ മാത്രമേ സൈറണ്‍ പ്രവർത്തിക്കൂ എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. എലിയോ തവളയോ കയറിയാല്‍ സിസ്റ്റം പ്രവർത്തിക്കില്ല. ട്രാൻസ്മിറ്റർ, റിസീവർ എന്നിങ്ങനെ രണ്ട് ഭാഗങ്ങളാണ് ഉപകരണത്തിനുള്ളത്. വീടിന്റെ പുറത്ത് ഭിത്തിയോട് ചേർന്നോ പാമ്പുകള്‍ കാണപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളിലോ ആണ് പൈപ്പ് ഉള്‍പ്പെടുന്ന ട്രാൻസ്മിറ്റർ സ്ഥാപിക്കേണ്ടത്.

പൈപ്പില്‍ പാമ്പ് കയറുമ്പോള്‍ ട്രാൻസ്മിറ്ററില്‍ നിന്നുള്ള റേഡിയോ സിഗ്നല്‍ 300 മീറ്റർ പരിധിക്കുള്ളിലെ റിസീവറില്‍ എത്തിയാണ് സൈറണ്‍ മുഴങ്ങുന്നത്. പാമ്പ് കയറിയാല്‍ മാത്രം വൈദ്യുതി ഉപയോഗിക്കുന്നതിനാല്‍ 12 വോള്‍ട്ടിന്റെ ചെറിയ ആല്‍ക്കലൈൻ ബാറ്ററി നാല് വർഷത്തോളം മാറ്റാതെ ഉപയോഗിക്കാം. രാഷ്ട്രപതിയില്‍ നിന്ന് അവാർഡ് നേടിയിട്ടുള്ള ഋഷികേശ്, നെഹ്റു ട്രോഫി വള്ളംകളിയിലെ സ്റ്റാർട്ടിങ് അപാകതകള്‍ പരിഹരിക്കാനുള്ള ഉപകരണമുള്‍പ്പെടെ നിരവധി കണ്ടുപിടിത്തങ്ങളുടെ ഉടമയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam