പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം വീണ്ടും രൂക്ഷമായതോടെ ആഗോള വിപണികളില്‍ അനിശ്ചിതത്വം ശക്തമായി. ഇതിന്റെ പ്രതിഫലനമായി സുരക്ഷിത നിക്ഷേപമായി കണക്കാക്കപ്പെടുന്ന സ്വർണത്തിലേക്ക് നിക്ഷേപകരുടെ ശ്രദ്ധ വർധിച്ചതോടെ കേരളത്തിലും സ്വർണവില ഉയർന്നു.
ഇന്ന് രാവിലത്തെ നിരക്കിനെ അപേക്ഷിച്ച് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 125 രൂപയും പവന് 1000 രൂപയുമാണ് വർധിച്ചത്.
കേരളത്തില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 13,245 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,05,960 രൂപയാണ് നിലവിലെ വില. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും വരും ദിവസങ്ങളിലും സ്വർണവിലയെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.
പശ്ചിമേഷ്യയിലെ അസ്ഥിരത ക്രൂഡോയില്‍ വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. എണ്ണവില ഉയരുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയിലും പുതിയ സമ്മർദ്ദങ്ങള്‍ക്ക് കാരണമാകുകയാണ്.
സംഘർഷങ്ങള്‍ നീളുന്ന സാഹചര്യത്തില്‍ സ്വർണത്തിന്‍റെ സുരക്ഷിത നിക്ഷേപ ആകർഷണം തുടരുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. പശ്ചിമേഷ്യയിലെ ഓരോ പുതിയ നീക്കവും ഇനി സ്വർണവിലയില്‍ നേരിട്ട് പ്രതിഫലിക്കാനുള്ള സാധ്യതയാണ് കാണുന്നത്.

