ന്യൂഡല്‍ഹി: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നതിനോ രാജ്യവ്യാപകമായി ഗോവധ നിരോധനം ഏർപ്പെടുത്തുന്നതിനോ ഉള്ള ഒരു നിർദ്ദേശവും കേന്ദ്രത്തിന്റെ പരിഗണനയിലില്ലെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാള്‍.
വിവിധ ഗ്രൂപ്പുകള്‍ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം വിഷയങ്ങളില്‍ പ്രാദേശിക പരിഗണനകള്‍ക്കും നിലപാടുകള്‍ക്കും പ്രാധാന്യമുണ്ട്.
അതുകൊണ്ട് തന്നെ തത്ക്കാലം ഈ വിഷയം കേന്ദ്രമന്ത്രി സഭയുടെ പരിഗണനയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'നിലവില്‍ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയില്‍ അത്തരമൊരു കാര്യമില്ല. സർക്കാരിനോ കേന്ദ്ര മന്ത്രിസഭയ്‌ക്കോ അങ്ങനൊരു നിർദേശത്തില്‍ ഇടപെടേണ്ടി വന്നാല്‍ എല്ലാവരെയും അറിയിക്കുമെന്നും പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലടക്കം ഗോവധനിരോധനം ആവശ്യപ്പെട്ട് വലിയ ചർച്ചകള്‍ നടക്കുന്നത് അറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വ സംഘടനകള്‍ ഗോവധനിരോധനത്തിനായി മുറവിളി കൂട്ടുമ്പോള്‍ ഒരു വിഭാഗം മുസ്ലീം സംഘടനകളും പണ്ഡിതന്മാരും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും ഗോവധനിരോധനം നടപ്പിലാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സംഘർഷങ്ങളെ ഒഴിവാക്കാൻ ഈ തീരുമാനത്തിലൂടെ കഴിയുമെന്നാണ് ജാമിയത്ത് ഉലമ - ഇ- ഹിന്ദ് മേധാവി മൗലാന അർഷാദ് മദാനി അഭിപ്രായപ്പെട്ടത്.
സംഘടനയുടെ മുൻ വൈസ് പ്രസിഡന്റ് ഹമിദ് അൻസാരിയും ഇതിനെ പിന്തുണച്ചിരുന്നു. മുസ്ലീം വിശ്വാസികള്‍ പശുവിനെ ബലി നല്‍കുന്നത് ഒഴിവാക്കണമെന്നും ഇസ്ലാമില്‍ ഏതെങ്കിലും മൃഗങ്ങളെ ബലി അർപ്പിക്കാൻ നിർബന്ധിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ആള്‍ ഇന്ത്യ മുസ്ലീം പേർസണല്‍ ലോ ബോർഡ് സീനിയർ എക്‌സിക്യൂട്ടീവ് അംഗമായ മൗലാന ഖാലിദ് റാഷിദ് ഫാരാംഗി മാഹാലിയും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നത് മതപരമായ വിശ്വാസങ്ങളോടുള്ള ബഹുമാനമാണെന്നും അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം പശുവിനെ ദേശീയ മൃഗമായി അംഗീകരിക്കുന്നത് നിരവധി ഹിന്ദുക്കളുടെ മതവിശ്വാസങ്ങളോടും സാംസ്കാരിക വികാരങ്ങളോടും ഉള്ള ബഹുമാനത്തെ പ്രതിഫലിപ്പിക്കുമെന്ന് പറഞ്ഞുകൊണ്ട്, അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡിന്റെ മുതിർന്ന എക്സിക്യൂട്ടീവ് അംഗം മൗലാന ഖാലിദ് റാഷിദ് ഫരംഗി മഹാലിയും ഈ ആവശ്യത്തെ പിന്തുണച്ചു.

