ഭോപ്പാല്‍: താമരത്തണ്ടിലൂടെ ശ്വസിച്ചുകൊണ്ട് ഏകദേശം അഞ്ച് മണിക്കൂറോളം വെള്ളത്തിനടിയില്‍ മുങ്ങിക്കിടന്ന മോഷ്ടാവ് ഒടുവില്‍ പിടിയില്‍.
മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ റെയില്‍വേ സംരക്ഷണ സേനയാണ് (ആർപിഎഫ്) പ്രതിയെ പിടികൂടിയത്. മോഷണശ്രമത്തിനിടെ രക്ഷപ്പെടാൻ വേണ്ടി കുളത്തിലെ പായലിനടിയില്‍ ഒളിച്ചിരുന്ന ഉത്തർപ്രദേശ് സ്വദേശി ഹർവീന്ദർ സിങ്ങാണ് (32) ഒടുവില്‍ പിടിയിലായത്. മണിക്കൂറുകളോളം വെള്ളത്തിനടിയില്‍ ഇരിക്കാൻ ഒരു താമരത്തണ്ട് ശ്വസനക്കുഴലായി പ്രതി ഉപയോഗിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഏപ്രില്‍ ആറിന് പുലർച്ചെ 4.50-ഓടെ ജബല്‍പൂർ ഡിവിഷനിലെ സിഹോറ റെയില്‍വേ സ്റ്റേഷനിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ട്രെയിൻ നമ്പർ 11753-ല്‍ യാത്ര ചെയ്തിരുന്ന ഒരു സ്ത്രീയുടെ പേഴ്സ് തട്ടിയെടുക്കാൻ ശ്രമിച്ച ഹർവീന്ദറിനെ പട്രോളിങ്ങിലായിരുന്ന ആർ.പി.എഫ് സംഘം പിന്തുടർന്നു. പൊലീസിനെ കണ്ടതോടെ റെയില്‍വേ സ്റ്റേഷന് സമീപത്തെ ചന്തക്കടുത്തുള്ള പായല്‍ നിറഞ്ഞ വലിയ കുളത്തിലേക്ക് ഇയാള്‍ എടുത്തുചാടി.
കരയില്‍ ആർ.പി.എഫ് സംഘം നിലയുറപ്പിച്ചെങ്കിലും മണിക്കൂറുകളോളം ഇയാള്‍ വെള്ളത്തിന് മുകളിലേക്ക് വന്നില്ല. തുടർന്ന് സംശയം തോന്നിയ സേന പ്രാദേശിക പൊലീസിന്റെയും മുങ്ങല്‍ വിദഗ്ധരുടെയും സഹായം തേടി. അഞ്ചുമണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവില്‍ കുളത്തിന്റെ ഒരു ഭാഗത്ത് താമരത്തണ്ട് ഉപയോഗിച്ച് ശ്വസിച്ചു കഴിയുകയായിരുന്ന പ്രതിയെ കണ്ടെത്തി കരക്കെത്തിക്കുകയായിരുന്നു. കരയിലെത്തിച്ച ശേഷവും പൊലീസിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ ബലം പ്രയോഗിച്ചാണ് ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തിയത്.
ആദ്യം തെറ്റായ വിവരങ്ങള്‍ നല്‍കി പൊലീസിനെ വഴിതെറ്റിക്കാൻ ശ്രമിച്ചെങ്കിലും പഴയ വാർത്താ റിപ്പോർട്ടും ഐ.സി.ജെ.എസ് റെക്കോർഡുകളും പരിശോധിച്ച ആർ.പി.എഫ് ഇയാളുടെ യഥാർത്ഥ ഐഡന്റിറ്റി കണ്ടെത്തുകയായിരുന്നു. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ബിജ്‌നോർ സ്വദേശിയായ ഹർവീന്ദർ.
ടിക്കറ്റില്ലാതെ ട്രെയിനുകളില്‍ കയറുന്ന ഇയാള്‍ സ്ത്രീകളെയും മുതിർന്ന പൗരന്മാരെയും ലക്ഷ്യമിട്ടാണ് മോഷണം നടത്തുന്നത്. തിരിച്ചറിയല്‍ രേഖകളൊന്നും കൈവശം വെക്കാത്ത ഇയാള്‍, നിരന്തരം സിം കാർഡുകള്‍ മാറ്റുന്നതിനാല്‍ പൊലീസിന് പിടികൊടുക്കാതെ രക്ഷപ്പെടുകയായിരുന്നു പതിവ്. ആർ.പി.എഫിന്റെ ഓപ്പറേഷൻ യാത്രി സുരക്ഷയുടെ ഭാഗമായി ഐ.പി.എഫ് രാജീവ് ഖർബ്, എസ്.ഐ അരവിന്ദ്, കോണ്‍സ്റ്റബിള്‍മാരായ വിനയ് മൗര്യ, ആശിഷ് യാദവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.
റെയില്‍വേ ആക്ടിലെ പ്രസക്തമായ വ്യവസ്ഥകള്‍ പ്രകാരം ജബല്‍പൂർ പോസ്റ്റ് ആർപിഎഫ് കേസെടുത്തിട്ടുണ്ട്. ഒന്നിലധികം ജിആർപി യൂണിറ്റുകള്‍ക്ക് അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്, കൂടാതെ ജിആർപി ഇഗത്പുരി, ഭോപ്പാല്‍, ഇറ്റാർസി എന്നിവിടങ്ങളില്‍ നിന്ന് നിലവിലുള്ള വാറണ്ടുകള്‍ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. റെയില്‍വേ നിയമപ്രകാരം കേസെടുത്ത പ്രതിയെ ജബല്‍പൂർ സ്പെഷ്യല്‍ റെയില്‍വേ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

