കോഴിക്കോട്: പേരാമ്പ്രയിലെ പ്രചാരണ അനൗണ്‍സ്‌മെൻറ് വിവാദത്തില്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് കണ്‍വീനറും സ്ഥാനാർഥിയുമായ ടിപി രാമകൃഷ്ണന് നോട്ടീസ്.
യുഡിഎഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇടതുമുന്നണിയുടെ പ്രചാരണ അനൗണ്‍സ്‌മെൻറ് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് നല്‍കിയ പരാതിയിന്മേല്‍ വിശദീകരണം തേടി ആണ് നോട്ടീസ് അയച്ചത്. മാതൃകാ പെരുമാറ്റ ചട്ടത്തിൻ്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് ടിപി രാമകൃഷ്ണന് നോട്ടീസ് അയച്ചത്.
പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണന്റെ ബോർഡുകളുള്ള ജീപ്പില്‍ അനൗണ്‍സ്‌മെൻറ് നടത്തുന്ന വീഡിയോകള്‍ ബുധനാഴ്ചയാണ് പുറത്തുവന്നത്. 'പേരാമ്പ്രയുടെ മണ്ണില്‍ ഒരു സഹോദരിയെ സ്ഥാനാർഥിയാക്കി മുസ്‌ലിം ലീഗ് നടത്തുന്ന സ്വകാര്യപ്രചാരണം, നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ (സമുദായത്തിലെ) കുട്ടിക്ക് എന്നാണ്. മത ഏകീകരണത്തിന്റെ ചിന്നംവിളിയാണ് മുസ്‌ലിം ലീഗ് നടത്തുന്നത്. സമത്വബോധമുള്ള മനുഷ്യർ ഇത് ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്…' എന്നായിരുന്നു അനൗണ്‍സ്‌മെന്റ്.
അനൗണ്‍സ്‌മെന്റ് വിവാദമായതോടെ മതസ്പർധ വളർത്തി വർഗീയധ്രുവീകരണമുണ്ടാക്കുന്നതിന് തെറ്റായ പ്രചാരണം എല്‍ഡിഎഫ് നടത്തുകയാണെന്നാരോപിച്ച് യുഡിഎഫ്. രംഗത്തെത്തി. യുഡിഎഫ് മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ കെ. ബാലനാരായണൻ കളക്ടർക്കും പേരാമ്പ്ര പോലിസിലും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതിനല്‍കി.
പിന്നാലെ യുഡിഎഫിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ടിപി രാമകൃഷ്ണൻ തന്നെ രംഗത്തെത്തി പരാതിയില്‍ അന്വേഷണം നടക്കട്ടെ, അതുമായി സഹകരിക്കും. മതമോ ജാതിയോ പറഞ്ഞോ വർഗീയതപറഞ്ഞോ വോട്ട് സ്വാധീനിക്കാൻ എല്‍ഡിഎഫില്ല മതസ്പർധയുണ്ടാക്കുന്ന ഒരു പ്രചാരണവും എല്‍ഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. വികസനവും ജനക്ഷേമനടപടിയുമാണ് എല്‍ഡിഎഫ് പ്രചാരണം നടത്തുന്നത്. ഇതുസംബന്ധിച്ച രേഖകളുണ്ട്. അതാർക്കും പരിശോധിക്കാം. ആരെങ്കിലും അറിയാതെ എന്തെങ്കിലും തെറ്റുചെയ്തുപോയിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞിരുന്നു.

