കൊച്ചി: പെരുമ്പാവൂരില്‍ ലഹരി വില്‍പന ആരോപിച്ച് മൂന്ന് യുവാക്കളെ ആള്‍ക്കൂട്ടം തടഞ്ഞുനിർത്തി മർദിക്കുകയും തലമുണ്ഡനം ചെയ്യുകയും ചെയ്തെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു.
ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്. കഞ്ചാവ് വില്‍ക്കാനോ വാങ്ങാനോ എത്തിയവരാണെന്ന് ആരോപിച്ചാണ് ഒരു സംഘം യുവാക്കളെ തടഞ്ഞുവെച്ച് അപമാനിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതെന്നാണ് പരാതി.
വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളായ മൂന്ന് യുവാക്കളാണ് പെരുമ്പാവൂർ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കണ്ടാല്‍ തിരിച്ചറിയാവുന്ന ആറു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ തിരിച്ചറിയാനും സംഭവത്തിന്റെ യഥാർഥ സാഹചര്യം കണ്ടെത്താനുമായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ ദൃശ്യങ്ങളും സാക്ഷിമൊഴികളും പൊലീസ് ശേഖരിച്ചുവരികയാണ്. കുറ്റക്കാരെന്ന് തെളിയിക്കുന്നതിന് മുമ്പ് നിയമം കൈയിലെടുക്കുന്ന ഇത്തരം ആള്‍ക്കൂട്ട വിചാരണകള്‍ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നതെന്നും പ്രതികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

