ലണ്ടൻ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി കൂടിയായ നിലവിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെതിരെ ബ്രിട്ടനിലെ കമ്മ്യൂണിസ്റ്റു പാർട്ടിയും രംഗത്ത്.
സർക്കാർ ഏജൻസികള്‍ രാഷ്ട്രീയലക്ഷ്യത്തോടെയാണ് പെരുമാറുന്നതെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടൻ ആരോപിക്കുന്നു. പാർട്ടിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് പ്രതിഷേധപ്രസ്താവന പുറത്തിറക്കിയത്.
ബ്രിട്ടിനിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറല്‍ സെക്രട്ടറി അലക്‌സ് ഗോർഡണ്‍, ഇന്റർനാഷണല്‍ സെക്രട്ടറി കെവാൻ നെല്‍സണ്‍ എന്നിവരാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.
2026 മേയ് വരെ കേരള മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ വീട്ടില്‍ സർക്കാർ ഏജൻസികള്‍ രാഷ്ട്രീയലക്ഷ്യത്തോടെ പരിശോധന നടത്തിയെന്നാണ് പാർട്ടി ആരോപിക്കുന്നത്. ഇഡിയുടെ ഡല്‍ഹി ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ച സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തെയും പാർട്ടി അപലപിച്ചു. വലതുപക്ഷ സർക്കാരുകള്‍ നിയമസംവിധാനങ്ങളെയും അന്വേഷണ ഏജൻസികളെയും പുരോഗമന രാഷ്ട്രീയശക്തികള്‍ക്കെതിരായ ആയുധങ്ങളായി ഉപയോഗിക്കുന്ന പ്രവണത ലോകവ്യാപകമായി വർധിക്കുകയാണെന്ന് പാർട്ടി ചൂണ്ടിക്കാട്ടുന്നു. ചെക്ക് റിപ്പബ്ലിക്, ജോർദാൻ, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇതു കണ്ടതാണെന്നും ഇപ്പോള്‍ ഇന്ത്യയിലും ഇതാണ് സംഭവിക്കുന്നതെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടൻ പറയുന്നു.
അഭിപ്രായസ്വാതന്ത്ര്യത്തിനും രാഷ്ട്രീയപ്രവർത്തനത്തിനുമെതിരായ നടപടികളായി ഇത്തരം നീക്കങ്ങളെ കാണുന്നതായും, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും സഹോദരപാർട്ടിയായ സിപിഎമ്മിന്റെയും പോരാട്ടങ്ങള്‍ക്ക് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും പാർട്ടി വ്യക്തമാക്കി.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ സ്വാതന്ത്ര്യസമരത്തില്‍ ഇന്ത്യൻ കമ്യൂണിസ്റ്റുകള്‍ നിർണായക പങ്കുവഹിച്ചിരുന്നുവെന്നും, ഇപ്പോള്‍ കേന്ദ്രത്തിലെ നരേന്ദ്രമോദി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരായ സമരങ്ങളില്‍ സിപിഎം മുന്നിലുണ്ടെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

