Dailyhunt
പോലീസ് കണ്‍മുന്നില്‍, ബൈക്കില്‍ കൈവിട്ട കളി; സീറ്റില്‍ എഴുന്നേറ്റു നിന്ന് വാഹനം ഓടിച്ചതിന് ആര്‍സി റദ്ദാക്കി, ബാക്കി പിന്നാലെ

പോലീസ് കണ്‍മുന്നില്‍, ബൈക്കില്‍ കൈവിട്ട കളി; സീറ്റില്‍ എഴുന്നേറ്റു നിന്ന് വാഹനം ഓടിച്ചതിന് ആര്‍സി റദ്ദാക്കി, ബാക്കി പിന്നാലെ

Media Mangalam 2 weeks ago

സോഷ്യല്‍ മീഡിയയില്‍ തരംഗമാകാൻ വേണ്ടി ജീവൻ പണയപ്പെടുത്തി അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നവർക്ക് താക്കീതുമായി ഡല്‍ഹി പോലീസ്.

തിരക്കേറിയ റോഡില്‍ പോലീസിന്റെ കണ്‍മുന്നില്‍ ബൈക്ക് അഭ്യാസം നടത്തിയ യുവാക്കള്‍ക്കെതിരെ കടുത്ത നടപടിയാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. വാഹനത്തിന്റെ രജിസ്‌ട്രേഷൻ (RC) റദ്ദാക്കിയതിന് പുറമെ മറ്റ് നിയമനടപടികളും ഇവർക്കെതിരെ ആരംഭിച്ചു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോയില്‍ ബൈക്കിന്റെ ഡ്രൈവർ സീറ്റില്‍ ഏഴുന്നേറ്റ് നില്‍ക്കുന്നതും റോഡില്‍ വളഞ്ഞ് പുളഞ്ഞ് പോകുന്നതുമെല്ലാം കാണാം. ബൈക്കിന്റെ പിന്നില്‍ ഒരു യാത്രക്കാരനുണ്ടെന്നതും ശ്രദ്ധേയമാണ്. ഈ അഭ്യാസത്തിന്റെ വീഡിയോ റോഡിലൂടെ പോകുന്ന മറ്റൊരു യാത്രക്കാരനാണ് പകർത്തിയിരിക്കുന്നത്. ഈ വീഡിയോയില്‍ ഒരു പോലീസ് വാഹനം ഈ അഭ്യാസികള്‍ക്ക് സമീപത്ത് കൂടി പോകുന്നുണ്ടെന്നതാണ് ഇതിലെ കൗതുകം.

ഡല്‍ഹിയിലെ തീസ് ഹസാരി സുഭാഷ് പാർക്ക് ഭാഗത്തെ റോഡിലാണ് ഈ അഭ്യാസം അരങ്ങേറിയിരിക്കുന്നത്. അത്യാവശ്യം തിരക്കുള്ള റോഡാണിത്. രണ്ട് ബൈക്കുകളിലായി എത്തിയ യുവാക്കളാണ് പോലീസിന്റെ സാന്നിധ്യത്തില്‍ നിരത്തില്‍ അഭ്യാസം കാണിച്ചിരിക്കുന്നത്. മുന്നില്‍ പോകുന്ന ബൈക്കിന്റെ ഡ്രൈവർ സീറ്റിന് മുകളില്‍ കയറി നിന്ന് കൈ രണ്ടും വിട്ടാണ് വാഹനമോടിക്കുന്നത്. പിന്നാലെ എത്തിയ ബൈക്ക് പോലീസ് വാഹനത്തോട് ചേർത്ത് എടുത്ത് പോകുന്നതും കാണാം.

ഡല്‍ഹി പോലീസിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗതാഗതനിയമം ലംഘിക്കുന്ന തരത്തിലുള്ള ബൈക്ക് യാത്രക്കാരുടെ വീഡിയോ ശ്രദ്ധയില്‍പെടുകയും യാത്രക്കാരെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ചലാൻ പുറപ്പെടുവിക്കുന്നത് ഉള്‍പ്പെടെയുള്ള എൻഫോഴ്‌സ്‌മെന്റ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. റോഡ് സുരക്ഷ ഉറപ്പാക്കാൻ ഡല്‍ഹി പോലീസ് പ്രതിജ്ഞാബദ്ധരാണെന്നും നിയമലംഘനങ്ങള്‍ക്കെതിരേ കർശന നടപടി തുടരുമെന്നും പോലീസ് അറിയിച്ചു.

നിയമപരമായ നിർദേശങ്ങള്‍ ലംഘിക്കുക, ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുക, ഇൻഷുറൻസ് ഇല്ലാത്ത വാഹനവുമായി നിരത്തിലിറങ്ങുക, അപകടകരമായ രീതിയില്‍ വാഹനമോടിക്കുക, സാധുവായ പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനം ഉപയോഗിക്കുക തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്. ബൈക്കിന്റെ ആർസി റദ്ദാക്കുകയും ഡ്രൈവർമാരോട് റോഡ് സുരക്ഷ ക്ലാസില്‍ പങ്കെടുക്കാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam