Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പൊലീസ് സ്റ്റേഷനില്‍നിന്ന് 500 മീറ്റര്‍ മാത്രം അകലെയുള്ള ക്ഷേത്രം; 15 ദിവസത്തിനിടെ അഞ്ചാം മോഷണം

പൊലീസ് സ്റ്റേഷനില്‍നിന്ന് 500 മീറ്റര്‍ മാത്രം അകലെയുള്ള ക്ഷേത്രം; 15 ദിവസത്തിനിടെ അഞ്ചാം മോഷണം

Media Mangalam 6 days ago

ലൂർ: പൊലീസ് സ്റ്റേഷനില്‍നിന്ന് വെറും 500 മീറ്റർ അകലെയുള്ള ഇലഞ്ഞിക്കല്‍ മഹാദേവ ക്ഷേത്രത്തില്‍ തുടർച്ചയായി മോഷണം.

15 ദിവസത്തിനിടെ അഞ്ചാം തവണയാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. വെള്ളിയാഴ്ച ശിവക്ഷേത്രത്തിലെ അനന്തന്റെ പ്രതിഷ്ഠയ്ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന വിളക്കാണ് മോഷണം പോയത്.

ആദ്യ രണ്ട് മോഷണങ്ങളിലായി 15 വിളക്കുകളാണ് കള്ളൻ കവർന്നത്. മൂന്നാമത്തെ മോഷണത്തില്‍ നാല് ചെമ്പുകുടങ്ങളും പോണിയും നഷ്ടപ്പെട്ടു. നാലാം തവണ ശ്രീകോവിലിന് മുന്നില്‍ സ്ഥാപിച്ചിരുന്ന 10 കിലോഗ്രാം ഭാരമുള്ള ഓട്ടുമണിയും മോഷ്ടിച്ചു.

ഫാക്‌ട് ടൗണ്‍ഷിപ്പിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ നടന്ന അഞ്ചു മോഷണങ്ങള്‍ക്കും പിന്നില്‍ ഒരാള്‍ തന്നെയാണെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍നിന്നുള്ള സൂചന. ക്ഷേത്രത്തിന്റെ മതില്‍ ചാടിക്കടന്നാണ് മോഷ്ടാവ് അകത്തേക്ക് പ്രവേശിക്കുന്നത്. മോഷണത്തിനു ശേഷം ക്ഷേത്രത്തിന്റെ പിൻവശത്തെ പാടശേഖരം വഴിയാണ് ഇയാള്‍ രക്ഷപ്പെടുന്നതെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മോഷ്ടാവിന്റെ മുഖം ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്. ഓരോ മോഷണത്തിനുശേഷവും ട്രസ്റ്റ് ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ തുടർച്ചയായി പരാതികള്‍ നല്‍കിയിട്ടും അന്വേഷണത്തില്‍ പൊലീസ് വേണ്ടത്ര ആത്മാർഥത കാണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം, ഒന്നിനു പിന്നാലെ ഒന്നായി മോഷണം നടന്നിട്ടും ക്ഷേത്രത്തില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ക്ഷേത്ര ഭാരവാഹികളും വീഴ്ച വരുത്തിയതായി വിമർശനമുണ്ട്.

ഫാക്‌ട് പരിസരത്ത് സിഐഎസ്‌എഫിന്റെയും പൊലീസിന്റെയും സംവിധാനങ്ങള്‍ ഉണ്ടായിട്ടും ക്ഷേത്രത്തിലെ തുടർച്ചയായ മോഷണങ്ങള്‍ തടയാനോ പ്രതിയെ കണ്ടെത്താനോ കഴിയാത്തതില്‍ പ്രദേശവാസികള്‍ക്കിടയില്‍ പ്രതിഷേധവും ശക്തമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam