Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പോര്‍ച്ചുഗലിന് ത്രില്ലര്‍ ജയം; ക്രൊയേഷ്യയെ വീഴ്ത്തി പ്രീ-ക്വാര്‍ട്ടറില്‍ സ്പെയിനിനെതിരെ

പോര്‍ച്ചുഗലിന് ത്രില്ലര്‍ ജയം; ക്രൊയേഷ്യയെ വീഴ്ത്തി പ്രീ-ക്വാര്‍ട്ടറില്‍ സ്പെയിനിനെതിരെ

Media Mangalam 3 weeks ago

ടൊറന്റോയില്‍ അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ക്രൊയേഷ്യയെ 2-1ന് കീഴടക്കി പോർച്ചുഗല്‍ ലോകകപ്പ് പ്രീ-ക്വാർട്ടറിലെത്തി.

ആദ്യം പിന്നിലായ ശേഷം തിരിച്ചടിച്ചാണ് പോർച്ചുഗല്‍ വിജയം സ്വന്തമാക്കിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പെനാല്‍റ്റി ഗോളും ഇഞ്ചുറി ടൈമില്‍ ഗോണ്‍സാലോ റാമോസ് നേടിയ വിജയഗോളുമാണ് പോർച്ചുഗലിനെ അടുത്ത റൗണ്ടിലെത്തിച്ചത്. ഇതോടെ അവസാന ലോകകപ്പ് കളിക്കുന്ന ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യൻ കരിയറിനും വിരാമമായി.

ആദ്യ പകുതിയില്‍ കളിയുടെ നിയന്ത്രണം കൂടുതലായും പോർച്ചുഗലിന്റെ കൈവശമായിരുന്നു. ബ്രൂണോ ഫെർണാണ്ടസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റാഫേല്‍ ലിയോ എന്നിവർ തുടർച്ചയായി ആക്രമണം നടത്തിയെങ്കിലും ക്രൊയേഷ്യൻ ഗോള്‍കീപ്പർ ഡൊമിനിക് ലിവാകോവിച്ചിന്റെ മികച്ച സേവുകള്‍ ഗോള്‍ വഴങ്ങിയില്ല. ഒമ്പത് ഷോട്ടുകള്‍ ലക്ഷ്യമിട്ട പോർച്ചുഗല്‍ ആധിപത്യം പുലർത്തിയെങ്കിലും ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ക്രൊയേഷ്യ മത്സരത്തിന്റെ ഗതി മാറ്റി. 53-ാം മിനിറ്റില്‍ ജോസിപ് സ്റ്റാനിസിച്ചിന്റെ ക്രോസില്‍ നിന്ന് ഇവാൻ പെരിസിച്ച്‌ പന്ത് വലയിലെത്തിച്ചതോടെ ക്രൊയേഷ്യ മുന്നിലെത്തി. തുടർന്ന് പോർച്ചുഗല്‍ ആക്രമണം കടുപ്പിച്ചപ്പോള്‍ 65-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളാക്കി മത്സരം സമനിലയിലാക്കി.

തുടർന്നുള്ള മിനിറ്റുകളില്‍ ഇരുടീമുകളും വിജയഗോളിനായി ശക്തമായി പോരാടി. ക്രൊയേഷ്യയ്ക്ക് ലഭിച്ച അവസരങ്ങള്‍ ഡിയാഗോ കോസ്റ്റയുടെ മിന്നുന്ന സേവുകളില്‍ തകർന്നപ്പോള്‍, പോർച്ചുഗല്‍ അവസാന നിമിഷം വരെ പ്രതീക്ഷ കൈവിട്ടില്ല.

ഇഞ്ചുറി ടൈമില്‍ പകരക്കാരനായി ഇറങ്ങിയ ഗോണ്‍സാലോ റാമോസ് ഹെഡറിലൂടെ നിർണായക ഗോള്‍ നേടി പോർച്ചുഗലിന് ലീഡ് സമ്മാനിച്ചു. മത്സരത്തിന്റെ അവസാന നിമിഷത്തില്‍ ക്രൊയേഷ്യ സമനില ഗോള്‍ നേടിയെങ്കിലും വാർ പരിശോധനയില്‍ ഓഫ്സൈഡ് കണ്ടെത്തിയതോടെ ഗോള്‍ റദ്ദാക്കി. അതോടെ പോർച്ചുഗല്‍ വിജയം ഉറപ്പിക്കുകയും പ്രീ-ക്വാർട്ടർ ടിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു.

പ്രീ-ക്വാർട്ടറില്‍ പോർച്ചുഗലിനെ കാത്തിരിക്കുന്നത് സ്പെയിനാണ്. ടൂർണമെന്റിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങളിലൊന്നായി ആ മത്സരം മാറുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോള്‍ ലോകം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam