ദുബായ്: പൊതു വാട്ടർ കൂളറില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. ദുബായ് അല്‍ ഐനിലെ പാർക്കിന് സമീപത്തുള്ള കൂളറില്‍ നിന്നാണ് അപകടം.
അറബ് പ്രവാസി കുടുംബത്തിലെ വലീദ് ഖാലിദ് എന്ന ബാലനാണ് മരണപ്പെട്ടത്. പുതിയ അധ്യയന വർഷത്തിനായി സ്‌കൂള്‍ ബാഗും പഠനോപകരണങ്ങളും ക്രമീകരിച്ച്, സ്പോർട്സ് യൂണിഫോം വാങ്ങാൻ പോകാനിരിക്കെയാണ് കുട്ടി ദുരന്തത്തില്‍പ്പെട്ടത്.
വീടിനടുത്തുള്ള പാർക്കില്‍ സഹോദരനും കൂട്ടുകാർക്കുമൊപ്പം കളിക്കാൻ ഇറങ്ങിയതായിരുന്നു വലീദ്. കൂട്ടുകാരിലൊരാള്‍ സമീത്തെ വീടിന് പുറത്തുള്ള വാട്ടർ കൂളറില്‍ നിന്ന് വെള്ളം കുടിക്കാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീഴുന്നത് കണ്ട്, തമാശയാണെന്ന് കരുതി വലീദ് അടുത്തേക്ക് ചെല്ലുകയായിരുന്നു. തൊട്ടടുത്തേക്ക് പോയ വലീദ് വാട്ടർ കൂളറില്‍ തൊട്ട ഉടൻ വൈദ്യുതാഘാതമേറ്റ് നിലത്തുവീണു. വലീദിന്റെ സഹോദരൻ ഓടിയെത്തി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നാലെ പൊതുസ്ഥലങ്ങളിലും വീടുകള്‍ക്ക് പുറത്തുമുള്ള ഇലക്‌ട്രിക്കല്‍ ഉപകരണങ്ങളുടെയും വാട്ടർ കൂളറുകളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി. വലീദിന്റെ വേർപാടില്‍ സ്‌കൂള്‍ അധികൃതരും അധ്യാപകരും അനുശോചനം രേഖപ്പെടുത്തി.

