Dailyhunt
പ്രമോഷനും ശമ്പളവര്‍ധനവിനുമായി മാത്രം ജീവിക്കുന്ന യന്ത്രമായി മാറി; പ്രതിമാസം അഞ്ചുലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച്‌ യുവതി

പ്രമോഷനും ശമ്പളവര്‍ധനവിനുമായി മാത്രം ജീവിക്കുന്ന യന്ത്രമായി മാറി; പ്രതിമാസം അഞ്ചുലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച്‌ യുവതി

Media Mangalam 2 weeks ago

യർന്ന ശമ്പളമുള്ള കോർപറേറ്റ് ജീവിതം ഒട്ടനവധി ആളുകളുടെ സ്വപ്നമാണ്. എന്നാല്‍, അത്തരമൊരു ജോലി തനിക്കു സന്തോഷം നല്‍കിയില്ലെന്ന് തുറന്ന് പറഞ്ഞ യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു.

മാസം അഞ്ച് ലക്ഷം രൂപ വരെ ശമ്പളം ലഭിച്ചിരുന്ന ജോലിയാണ് കോർപറേറ്റ് മേഖലയിലെ ജീവനക്കാരിയായിരുന്ന ജോയിത വേണ്ടെന്ന് വെച്ചത്. തന്റെ ജോലി ഉപേക്ഷിച്ചതിന്റെ കാരണവും ജോയിത ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തുന്നു.

ഉയർന്ന വരുമാനവും ആഡംബരജീവിതത്തിനുള്ള അവസരങ്ങളും ഉണ്ടായിരുന്നെങ്കിലും, അതിന് പകരം നഷ്ടമായത് മാനസിക സമാധാനവും കുടുംബസമേതമുള്ള വിലപ്പെട്ട സമയങ്ങളുമാണെന്ന് അവർ പറയുന്നു. വിദേശയാത്രകളും സൗകര്യങ്ങളുമൊക്കെയായി പുറത്തുനിന്ന് ആകർഷകമായി തോന്നുന്ന ജീവിതം യാഥാർത്ഥ്യത്തില്‍ വലിയ സമ്മർദ്ദങ്ങളാല്‍ നിറഞ്ഞതായിരുന്നുവെന്നാണ് ജോയിതയുടെ വെളിപ്പെടുത്തല്‍. ജോലി സംബന്ധമായ ഉത്തരവാദിത്തങ്ങള്‍ കാരണം എല്ലായ്പ്പോഴും 'ഓണ്‍ലൈൻ' ആയിരിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നുവെന്നും, അതോടെ കുടുംബാംഗങ്ങളില്‍ നിന്നും സ്വന്തം കുഞ്ഞില്‍ നിന്നുമെല്ലാം താൻ അകന്നുപോയതായി അവർ പറയുന്നു.

പ്രമോഷനും ശമ്പളവർധനവിനുമായി മാത്രം ജീവിക്കുന്ന യന്ത്രമായി താൻ മാറുകയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നും ജോയിത വ്യക്തമാക്കി. ഉയർന്ന വരുമാനത്തോടൊപ്പം ജീവിതച്ചെലവും പ്രതീക്ഷകളും അനാവശ്യമായി ഉയരുന്ന അവസ്ഥയെ അവർ 'ലൈഫ്‌സ്റ്റൈല്‍ ഇൻഫ്ലേഷൻ' എന്നാണ് വിശേഷിപ്പിച്ചത്.

വരുമാനം കൂടുമ്പോള്‍ അതിനനുസരിച്ച്‌ ചെലവുകള്‍ വർദ്ധിപ്പിക്കുകയും, പിന്നീട് ആ ആഡംബരങ്ങള്‍ നിലനിർത്താൻ വേണ്ടി മാത്രം ഇഷ്ടമില്ലാത്ത ജോലിയില്‍ തുടരേണ്ടി വരികയും ചെയ്യുന്ന ഒരു കെണിയാണിത്. താൻ സ്റ്റാറ്റസിന് വേണ്ടി വാങ്ങിക്കൂട്ടിയ പലതും തന്നെ ശാരീരികമായും മാനസികമായും തളർത്തുന്നവയാണെന്ന് തിരിച്ചറിഞ്ഞ നിമിഷമാണ് ഈ ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നും യുവതി പറയുന്നു.

എന്നാല്‍ തികച്ചും വൈകാരികമായ ഒരു തീരുമാനമായിരുന്നില്ല ഇത്. കൃത്യമായ സാമ്പത്തിക ആസൂത്രണത്തോടെയാണ് ജോയിത ഈ മാറ്റത്തിന് തയ്യാറായത്. ജോലി രാജിവെക്കുന്നതിന് മുൻപ് തനിക്ക് ഇഎംഐ ബാധ്യതകള്‍ ഇല്ലെന്ന് അവർ ഉറപ്പുവരുത്തി. നിലവില്‍ ഫുള്‍ടൈം കോർപ്പറേറ്റ് ജോലിക്ക് പകരം പ്രോജക്റ്റുകളുടെ ഭാഗമായി മാത്രം പ്രവർത്തിക്കുന്ന ഒരു 'ഫ്രാക്ഷണല്‍ സി.എം.ഒ' ആയിട്ടാണ് അവർ ജോലി ചെയ്യുന്നത്. ഇത് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കൂടുതല്‍ സമയം നല്‍കുന്നുണ്ടെന്ന് അവർ സന്തോഷത്തോടെ പറയുന്നു. പണത്തേക്കാള്‍ സമാധാനത്തിനും മാനസികാരോഗ്യത്തിനും പ്രാധാന്യം നല്‍കിയ ജോയിതയുടെ ഈ ധീരമായ തീരുമാനത്തെ സോഷ്യല്‍ മീഡിയ വൻതോതിലാണ് പ്രശംസിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam