ഉപയോക്താക്കള്‍ ഏറെ നാളായി കാത്തിരുന്ന യൂസർനെയിം സംവിധാനം വാട്‌സാപ്പ് കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്. സ്വകാര്യത കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ എത്തിയ ഈ ഫീച്ചറിന്റെ ഭാഗമായി, ഇഷ്ടമുള്ള യൂസർനെയിം മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സൗകര്യവും കമ്പനി ആരംഭിച്ചു.
ഈ വർഷം അവസാനത്തോടെ ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് പുതിയ സംവിധാനം ലഭ്യമാകും എന്നാണ് വിവരം.
അതേസമയം പ്രശസ്തരായ വ്യക്തികള്‍, സർക്കാർ സ്ഥാപനങ്ങള്‍, സെലിബ്രിറ്റികള്‍ തുടങ്ങിയ പ്രമുഖരുടെ പേരുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാനും യഥാർത്ഥ ഉടമസ്ഥർക്ക് തന്നെ അവകാശപ്പെടാനുമായി തല്‍ക്കാലം മാറ്റിവെച്ചിരിക്കുകയാണെന്ന് വാട്സ്‌ആപ്പ് വ്യക്തമാക്കി. പ്രശസ്തമായ പേരുകളോട് സാദൃശ്യമുള്ള മറ്റു പേരുകളും ഇത്തരത്തില്‍ മാറ്റിവെച്ചിട്ടുണ്ടെന്നും എന്‍ഡിടിവി പ്രോഫിറ്റിന് നല്‍കിയ അഭിമുഖത്തില്‍ വാട്സ്‌ആപ്പ് വക്താവ് വ്യക്തമാക്കി.
മൂന്ന് ദിവസത്തിനകം വിഷയത്തില്‍ വിശദമായ മറുപടി നല്‍കാൻ മെറ്റയ്ക്ക് സർക്കാർ നോട്ടീസ് അയച്ചിട്ടുണ്ട്. ചർച്ചകള്‍ പൂർത്തിയാകുന്നതുവരെ ഫീച്ചർ ഇന്ത്യയില്‍ അവതരിപ്പിക്കരുതെന്നും നിർദേശമുണ്ട്. എന്നാല്‍, തട്ടിപ്പുകള്‍ തടയാൻ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് വാട്‌സാപ്പ് വ്യക്തമാക്കുന്നു. ഒരു അക്കൗണ്ടില്‍ നിന്ന് അപരിചിതരായ എത്ര പേർക്ക് പുതിയ സന്ദേശങ്ങള്‍ അയക്കാം എന്നതിന് നിയന്ത്രണം ഉണ്ടാകും. കൂടാതെ മറ്റുള്ളവരുടെ യൂസർനെയിമുകള്‍ ഊഹിച്ചെടുത്ത് ചാറ്റ് ചെയ്യാനുള്ള ശ്രമങ്ങളും തടയും.
യൂസർനെയിം വഴി ആരെങ്കിലും പുതിയതായി മെസ്സേജ് അയച്ചാല്‍, അവർ പുതിയ അക്കൗണ്ട് ആണോ, നിങ്ങളുടെ കോണ്‍ടാക്റ്റില്‍ ഉള്ളതാണോ, ഏതെങ്കിലും ഗ്രൂപ്പുകളില്‍ ഒരുമിച്ചുള്ളതാണോ, ഏത് രാജ്യത്ത് നിന്നുള്ളതാണ് തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ ചാറ്റ് വിൻഡോയില്‍ കാണിക്കും. ഫോണ്‍ നമ്പർ പൂർണ്ണമായും സുരക്ഷിതമായി സൂക്ഷിക്കാനാണ് ഈ ഫീച്ചർ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്നും, എന്നാല്‍ വാട്‌സാപ്പ് ഉപയോഗിക്കാൻ തുടർന്നും ഫോണ്‍ നമ്പർ നിർബന്ധമായിരിക്കുമെന്നും കമ്പനി വക്താവ് വ്യക്തമാക്കി.
നിലവില്‍ ഉപയോക്താക്കള്‍ക്ക് പേര് തെരഞ്ഞെടുക്കാനുള്ള അവസരം മാത്രമാണ് നല്‍കിയിട്ടുള്ളത്. കേന്ദ്ര സർക്കാരുമായുള്ള ചർച്ചകള്‍ക്ക് ശേഷമായിരിക്കും അടുത്ത നടപടി.
ഫീച്ചർ ലഭ്യമായ ഉപയോക്താക്കള്‍ വാട്‌സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാള്‍ ചെയ്ത ശേഷം Settings > Account > Username എന്ന ക്രമത്തില്‍ പ്രവേശിച്ച് ഇഷ്ടമുള്ള യൂസർനെയിം റിസർവ് ചെയ്യാം. വരും മാസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങളിലേക്കും ഉപയോക്താക്കളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

