അബുദാബി: താല്‍ക്കാലിക നിയന്ത്രണങ്ങള്‍ എല്ലാം നീക്കി യു എ ഇ വ്യോമപാത പൂർണമായും തുറന്നതായി ഭരണകൂടം അറിയിച്ചു.
ഇതോടെ ഇന്ത്യൻ വിമാനക്കമ്പനികള്‍ ഉള്‍പ്പെടെ എല്ലാ സർവ്വീസുകളും പൂർണതോതില്‍ പുനരാരംഭിക്കാനാകും. ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നിരുന്ന സാഹചര്യത്തില്‍ ഈ തീരുമാനം പ്രവാസികള്‍ക്കും യാത്രക്കാർക്കും വലിയ ആശ്വാസമായി മാറുമെന്നാണ് വിലയിരുത്തല്‍.
പെരുന്നാളവധിയും ഗള്‍ഫിലെ സ്കൂളുകളുടെ മധ്യവേനല്‍ അവധിയും അടുത്തിരിക്കെ എടുത്ത ഈ തീരുമാനം യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകും. നിലവില്‍ സ്പെഷ്യല്‍ ഫ്ലൈറ്റുകളായി സർവ്വീസ് നടത്തിയിരുന്ന ഇന്ത്യൻ വിമാനക്കമ്പനികള്‍ക്ക് സാധാരണ സർവ്വീസിലേക്ക് മടങ്ങാനാകും. ഇതോടെ സീറ്റുകളുടെ ലഭ്യത വർധിക്കുകയും നിരക്കുകള്‍ കുറഞ്ഞുവരികയും ചെയ്യും.
യു എ ഇ വിമാനക്കമ്പനികള്‍ സർവ്വീസ് തുടരുന്നുണ്ടായിരുന്നുവെങ്കിലും ഇന്ത്യൻ വിമാനക്കമ്പനികളുടെ പൂർണ സേവനം ഇല്ലാതിരുന്നത് പ്രവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പുതിയ തീരുമാനം ആ പ്രതിസന്ധിക്ക് അറുതിയാകുമെന്നാണ് പ്രതീക്ഷ. കൂടാതെ മേഖലയില്‍ നിലനിന്നിരുന്ന സംഘർഷ ആശങ്കകള്‍ കുറഞ്ഞുവരുന്നതിന്റെ സൂചനയെന്ന നിലയിലും ഈ നീക്കം കാണപ്പെടുന്നു.
വ്യോമഗതാഗതത്തിന്റെ പ്രധാന ഹബ്ബായ ദുബായ് ഉള്‍പ്പെടെ എല്ലാ കേന്ദ്രങ്ങളും സാധാരണ നിലയിലേക്ക് മാറുന്നത് കണക്ഷൻ ഫ്ലൈറ്റുകളും ദീർഘദൂര സർവ്വീസുകളും കൂടുതല്‍ സുഗമമാക്കും. ഇതോടെ അന്താരാഷ്ട്ര യാത്രകള്‍ വീണ്ടും സജീവമാകാനാണ് സാധ്യത.

