ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളി സ്കൂളില്‍ നടക്കുന്ന പ്രവേശനോത്സവത്തില്‍ പങ്കെടുക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എത്തിച്ചേർന്ന സാഹചര്യത്തില്‍ എസ്‌എഫ്‌ഐ പ്രവർത്തകരെ കരുതല്‍ തടങ്കലിലാക്കി.
എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആഷിഖ് ഉള്‍പ്പെടെയുള്ള പ്രവർത്തകരെയാണ് ആഭ്യന്തരമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കരുതല്‍ തടങ്കലിലാക്കിയത്. പ്രവേശനോത്സവ ദിനമായതിനാല്‍ കുട്ടികള്‍ക്ക് മിഠായികള്‍ വിതരണം ചെയ്യാൻ എത്തിയതായിരുന്നു പ്രവർത്തകർ. എന്നാല്‍ ഇവർ കൊടികളുമായാണ് എത്തിയത്. അതുകൊണ്ട് തന്നെ സംഘർഷ സാധ്യത മുന്നില്‍ കണ്ടാണ് ഇവരെ കരുതല്‍ തടങ്കലില്‍ ആക്കിയത്.
കൊടിയുമായി സ്കൂളില്‍ കയറാൻ അനുവദിക്കില്ലെന്ന് എസ്‌എഫ്‌ഐ പ്രവർത്തകരോട് പോലീസ് പറഞ്ഞിരുന്നു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. മന്ത്രി പങ്കെടുക്കുന്ന പരിപാടി ആയതിനാല്‍ സംഘർഷ സാധ്യത കണക്കിലെടുത്താണ് പ്രവർത്തകരെ കരുതല്‍ തടങ്കലിലാക്കിയത് എന്നാണ് പോലീസ് പറഞ്ഞത്.

