പുതിയ ആദായ നികുതി വ്യവസ്ഥ കൂടുതല്‍ ലളിതവും കുറഞ്ഞ നിരക്കുകളോടെയുമാണ് അവതരിപ്പിച്ചിട്ടുള്ളത്. പഴയ രീതിയിലുള്ള നിരവധി ഇളവുകള്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ചില പ്രധാന ഡിഡക്ഷനുകള്‍ ഇപ്പോഴും ശമ്പള വരുമാനക്കാർക്കും പെൻഷൻകാർക്കും വലിയ ആശ്വാസം നല്‍കുന്നു.
സ്റ്റാൻഡേഡ് ഡിഡക്ഷൻ, എൻ.പി.എസ് സംഭാവനകള്‍, വാടകയ്ക്ക് നല്‍കിയ സ്വത്തുകളുടെ ഭവനവായ്പ പലിശ എന്നിവയാണ് പ്രധാന ഇളവുകള്‍.
സ്റ്റാൻഡേഡ് ഡിഡക്ഷൻ: 75,000 ഇളവ്
ശമ്പളക്കാരും പെൻഷൻകാർക്കും പുതിയ വ്യവസ്ഥയിലും സ്റ്റാൻഡേഡ് ഡിഡക്ഷനായി 75,000 ലഭിക്കും. 2024 ബജറ്റിലാണ് ഇത് 50,000ല്‍ നിന്ന് ഉയർത്തിയത്. യാതൊരു രേഖകളും സമർപ്പിക്കേണ്ടതില്ല എന്നതാണ് പ്രത്യേകത. ഉദാഹരണത്തിന്, 15 ലക്ഷം വാർഷിക ശമ്പളമുള്ള ഒരാളുടെ നികുതി വിധേയ വരുമാനം ഈ ഇളവിലൂടെ 14.25 ലക്ഷമായി കുറയും.
എൻ.പി.എസ് (80CCD(2)) വഴി തൊഴിലുടമയുടെ സംഭാവനയ്ക്ക് ഇളവ്
ജീവനക്കാരന്റെ എൻ.പി.എസ് ടയർ-1 അക്കൗണ്ടിലേക്ക് തൊഴിലുടമ അടയ്ക്കുന്ന വിഹിതത്തിന് നികുതി ഇളവ് ലഭിക്കും. അടിസ്ഥാന ശമ്പളവും ഡി.എയും ചേർന്ന തുകയുടെ 14% വരെ ഈ ഇളവായി അവകാശപ്പെടാം. എന്നാല്‍ എൻ.പി.എസ്, ഇ.പി.എഫ്, സൂപ്പർ ആനുവേഷൻ ഫണ്ട് എന്നിവയിലെ മൊത്തം തൊഴിലുടമ സംഭാവന ഒരു വർഷത്തില്‍ 7.5 ലക്ഷം കവിയരുത്.
വാടക സ്വത്തുക്കളുടെ ഭവനവായ്പ പലിശ (Section 24B)
വാടകയ്ക്ക് നല്‍കിയിട്ടുള്ള സ്വത്തുകളുടെ വായ്പ പലിശയ്ക്ക് പരിധിയില്ലാതെ ഇളവ് ലഭിക്കും. എന്നാല്‍ സ്വന്തം താമസ വീടിന്റെ വായ്പ പലിശയ്ക്ക് പുതിയ വ്യവസ്ഥയില്‍ ഇളവ് ലഭ്യമല്ല. കൂടാതെ, വീട്ടുവാടക നഷ്ടം മറ്റ് വരുമാനങ്ങളുമായി ഒത്തുചേർക്കാൻ (set-off) സാധിക്കില്ലെന്നും ശ്രദ്ധിക്കണം.
മറ്റു അനുവദനീയ ഇളവുകള്‍
കുടുംബ പെൻഷൻ: 25,000 അല്ലെങ്കില്‍ ലഭിക്കുന്ന പെൻഷന്റെ 1/3 (കുറവുള്ളത്).
അഗ്നിവീർ കോർപ്പസ് ഫണ്ട് (80CCH) നിക്ഷേപങ്ങള്‍.
കണ്‍വെയൻസ്, ട്രാവല്‍ അലവൻസുകള്‍.
ഭിന്നശേഷിക്കാർക്കുള്ള ട്രാൻസ്പോർട്ട് അലവൻസ്.
വകുപ്പ് 80JJAA പ്രകാരം ബിസിനസുകള്‍ക്ക് ജീവനക്കാരുടെ ചെലവില്‍ ഇളവ്.
പുതിയ വ്യവസ്ഥ: കുറവ് നിരക്കുകള്‍, കുറവ് ഡിഡക്ഷനുകള്‍
പുതിയ നികുതി സംവിധാനത്തില്‍ വകുപ്പ് 80സി, എച്ച്.ആർ.എ, എല്‍.ടി.എ, സെക്ഷൻ 80ഡി പോലുള്ള ജനപ്രിയ ഇളവുകള്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും കുറഞ്ഞ നികുതി നിരക്കുകള്‍ നല്‍കുന്നുണ്ട്. ലഭ്യമായ കുറച്ച് പ്രധാന ഇളവുകള്‍ ശരിയായി ഉപയോഗിച്ചാല്‍ നികുതി ഭാരം ഗണ്യമായി കുറയ്ക്കാൻ കഴിയും.
വരുമാന ഘടനയും ലഭ്യമായ ഇളവുകളും സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ പുതിയ നികുതി വ്യവസ്ഥ ചിലർക്കെങ്കിലും കൂടുതല്‍ അനുകൂലമായിരിക്കും. പ്രത്യേകിച്ച് ഉയർന്ന ശമ്പളക്കാരും സ്ഥിരമായ അലവൻസുകള്‍ ലഭിക്കുന്നവരും ഈ സംവിധാനം വഴി ലാഭം കണ്ടെത്താൻ സാധ്യതയുണ്ട്. ശരിയായ പ്ലാനിംഗ് ചെയ്താല്‍ 12.75 ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതി ബാധ്യത ഇല്ലാതാക്കാനുമാകും.

