കൊല്ലം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ചു സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍.
രാഹുല്‍ ഗാന്ധി ശരിയായ രാഷ്ട്രീയ നിലപാടില്ലാത്ത നേതാവെന്നായിരുന്നു എ വിജയരാഘവന്‍ പറഞ്ഞത്. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവിന്റെ കസേരയിലിരിക്കുന്നത് ഇടതുപക്ഷം കൂടി പിന്തുണയ്ക്കുന്ന ഇന്‍ഡ്യാസഖ്യം ഉള്ളതുകൊണ്ടാണെന്നും, ഇത് മറന്നുകൊണ്ടാണ് കേരളത്തില്‍ വന്ന ഇടതുപക്ഷ സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനേയും വിമര്‍ശിക്കുന്നത് എന്നും അദ്ദേഹം വിമർശിച്ചു. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധിക്ക് രാഷ്ട്രീയ നിലപാട് ഇല്ലെന്നും അധഃഹീം പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കോവൂര്‍ കുഞ്ഞുമോന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും ബിജെപിയെയും എ വിജയരാഘവന്‍ കടന്നാക്രമിച്ചത്.
കോണ്‍ഗ്രസ് നല്‍കുന്ന വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ളതല്ല, വഞ്ചിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ പറ്റിക്കുകയും വഞ്ചിക്കുകയുമാണ് യുഡിഎഫ് അജണ്ട. 600 രൂപ ക്ഷേമ പെന്‍ഷന്‍ 18 മാസം നല്‍കാത്തവരാണ് മാസം 3,000 നല്‍കുമെന്ന് പറയുന്നത്. പിണറായി വിജയനെ ജയിലിലടക്കാത്തതിലാണ് രാഹുല്‍ ഗാന്ധിയുടെ വിഷമം. ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കെ അരവിന്ദ് കെജ്‌രിവാളിനെ ജയിലിലടപ്പിച്ചിട്ടും രാഹുലിനും കോണ്‍ഗ്രസിനും തൃപ്തിയായിട്ടില്ല. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരെല്ലാം ബിജെപിയിലെത്തിയെന്നും എ വിജയരാഘവന്‍ പറഞ്ഞു.
ബിജെപിക്കും കോണ്‍ഗ്രസിനും കേരളത്തോട് വിരോധമാണ്. കര്‍ണാടകത്തിലും ഉത്തരേന്ത്യയിലും ന്യൂനപക്ഷങ്ങളുടെ വീടുകള്‍ക്ക് മുകളിലൂടെ ഇവർ ബുള്‍ഡോസര്‍ ഓടിക്കുകയാണ്. കേരളത്തിന്റെ നന്മയും വളര്‍ച്ചയും തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം എന്നും എ വിജയരാഘവന്‍ പറഞ്ഞു.

