Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രാജ്യസഭയിലേക്കുള്ള കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ ക്ഷണം നിരസിച്ച്‌ സിദ്ധരാമയ്യ; കര്‍ണാടക രാഷ്ട്രീയത്തില്‍ തുടരാനാണ് താത്പര്യമെന്ന് അറിയിച്ചു

രാജ്യസഭയിലേക്കുള്ള കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ ക്ഷണം നിരസിച്ച്‌ സിദ്ധരാമയ്യ; കര്‍ണാടക രാഷ്ട്രീയത്തില്‍ തുടരാനാണ് താത്പര്യമെന്ന് അറിയിച്ചു

Media Mangalam 1 week ago

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ രാജ്യസഭയിലേക്കുള്ള കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ ക്ഷണം നിരസിച്ച്‌ സിദ്ധരാമയ്യ.

കർണാടക രാഷ്ട്രീയത്തില്‍ തന്നെ സജീവമായി തുടരാനാണ് താത്പര്യമെന്ന് അദ്ദേഹം അറിയിച്ചു."കോണ്‍ഗ്രസ് ഹൈക്കമാൻഡ് ഡികെഎസിനെ (ഡി.കെ ശിവകുമാർ) അടുത്ത മുഖ്യമന്ത്രിയായി നിർദേശിച്ചു. ഞാൻ അതിന് സമ്മതിച്ചു", വ്യാഴാഴ്ച സ്വന്തം വസതിയില്‍ ഒരുക്കിയ പ്രഭാതഭക്ഷണ വിരുന്നിനിടെ സിദ്ധരാമയ്യ പറഞ്ഞു.

മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്ന സാഹചര്യത്തില്‍ ഹൈക്കമാൻഡ് അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. ഇതാണ് സിദ്ധരാമയ്യ നിരസിച്ചത്. അടുത്ത മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറിനെ നിയമിക്കുന്നതില്‍ തനിക്ക് സമ്മതമാണെന്നും അദ്ദേഹം പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.

വ്യാഴാഴ്ച ലോക്ഭവനിലെത്തിയാണ് സിദ്ധരാമയ്യ ഗവർണറുടെ പ്രൈവറ്റ് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയത്. ഗവർണർ താവർ ചന്ദ് ഗഹ്ലോത് നിലവില്‍ കുടുംബപരമായ ആവശ്യങ്ങള്‍ക്കായി മധ്യപ്രദേശിലായതിനാല്‍ അദ്ദേഹം മടങ്ങിയെത്തിയ ശേഷം രാജി ഔദ്യോഗികമായി സ്വീകരിക്കും.

സിദ്ധരാമയ്യ രാജിവെച്ചതോടെ വെള്ളിയാഴ്ച കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേർന്നേക്കും. ഇതില്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ നിയമസഭാകക്ഷിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കും.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എഐസിസി നേതൃത്വവുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് സിദ്ധരാമയ്യ സ്ഥാനം ഒഴിയുന്നത്. സിദ്ധരാമയ്യ സർക്കാർ മൂന്നു വർഷം പൂർത്തിയാക്കി. രണ്ടരവർഷം പിന്നിടുമ്പോള്‍ അധികാരം ഒഴിയാമെന്ന് കരാറുണ്ടായിരുന്നതായി ഡി.കെ വിഭാഗം പറയുന്നു. ഇതു സംബന്ധിച്ച്‌ ഏറെ നാളായി തർക്കമുണ്ടായിരുന്നു. തുടർന്നാണ് എഐസിസി നേതൃത്വം ഇടപെട്ടത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam