Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
റഫറി വിവാദങ്ങള്‍ക്കിടെ ഫ്രാൻസ്-മൊറോക്കോ പോരാട്ടം; 'വിശ്വാസം റഫറിമാരില്‍'

റഫറി വിവാദങ്ങള്‍ക്കിടെ ഫ്രാൻസ്-മൊറോക്കോ പോരാട്ടം; 'വിശ്വാസം റഫറിമാരില്‍'

Media Mangalam 4 months ago

ബോസ്റ്റൻ: ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ത്യൻ സമയം രാത്രി 1.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഫ്രാൻസും മൊറോക്കോയും ഏറ്റുമുട്ടും.

അർജന്റീന-ഈജിപ്ത് പ്രീക്വാർട്ടർ മത്സരത്തിലെ റഫറിയിങ് വിവാദങ്ങള്‍ ഇപ്പോഴും ചർച്ചയാകുന്നതിനിടെയാണ് ക്വാർട്ടർ ഫൈനല്‍ ആരംഭിക്കുന്നത്. ഫ്രാൻസ്-മൊറോക്കോ മത്സരത്തില്‍ മുഴുവൻ മത്സര ഉദ്യോഗസ്ഥരും അർജന്റീനക്കാരാണെന്നതാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. ഓണ്‍-ഫീല്‍ഡ് റഫറിയായി ഫക്കുണ്ടോ ടെല്ലോ പ്രവർത്തിക്കുമ്പോള്‍ അസിസ്റ്റന്റ് റഫറിമാർ, റിസർവ് അസിസ്റ്റന്റ്, ഫോർത്ത് ഒഫിഷ്യല്‍ എന്നിവരും അർജന്റീനയില്‍ നിന്നുള്ളവരാണ്.

എന്നാല്‍ ഈ വിഷയത്തില്‍ യാതൊരു ആശങ്കയുമില്ലെന്ന് ഫ്രഞ്ച് പരിശീലകൻ ദിദിയെ ദെഷാം പ്രതികരിച്ചു. "ഞങ്ങളുടെ എതിരാളികള്‍ മൊറോക്കോയാണ്, റഫറിമാരല്ല. മത്സര ഉദ്യോഗസ്ഥരില്‍ പൂർണ വിശ്വാസമുണ്ട്," -അദ്ദേഹം വ്യക്തമാക്കി. റഫറിമാരെക്കുറിച്ചുള്ള ചർച്ചകളില്‍ താല്‍പര്യമില്ലെന്നും ശ്രദ്ധ മുഴുവൻ കളിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലില്‍ അർജന്റീനയോട് ഷൂട്ടൗട്ടില്‍ തോറ്റതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങള്‍ക്ക് കൂടുതല്‍ ആവേശം കൈവന്നിരുന്നു. നിലവിലെ ലോകകപ്പില്‍ ഫ്രാൻസും അർജന്റീനയും വീണ്ടും നേർക്കുനേർ വരണമെങ്കില്‍ ഫൈനലില്‍ മാത്രമേ അത് സാധ്യമാകൂ.

അതേസമയം, കഴിഞ്ഞ ലോകകപ്പിന്റെ സെമിഫൈനലില്‍ മൊറോക്കോയെ 2-0ന് കീഴടക്കിയ ഫ്രാൻസിന് ഇത്തവണ അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍. കിലിയൻ എംബപെയെ ആശ്രയിച്ച്‌ ആക്രമണം നയിക്കുന്ന ഫ്രാൻസിനെ തടയാൻ അച്റഫ് ഹാക്കിമിയുടെ നേതൃത്വത്തിലുള്ള മൊറോക്കോ ശക്തമായി പോരാടുമെന്നാണ് പ്രതീക്ഷ. മുൻ പിഎസ്ജി സഹതാരങ്ങളും അടുത്ത സുഹൃത്തുക്കളുമായ എംബപെയും ഹാക്കിമിയും നേർക്കുനേർ എത്തുന്നതും മത്സരത്തിന്റെ മറ്റൊരു കൗതുകമാണ്.

ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീലിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് മൊറോക്കോ നോക്കൗട്ടിലെത്തിയത്. പ്രീക്വാർട്ടറില്‍ നെതർലൻഡ്സിനെ പുറത്താക്കിയാണ് അവർ ക്വാർട്ടർ ഉറപ്പിച്ചത്. മറുവശത്ത്, ടൂർണമെന്റില്‍ ഇതുവരെ തോല്‍വിയറിയാത്ത ഫ്രാൻസ് നേരിട്ട എല്ലാ എതിരാളികളെയും കീഴടക്കിയാണ് മുന്നേറിയത്. കരുത്തരായ നോർവേയെയും വീഴ്ത്തിയ ഫ്രഞ്ച് സംഘം ഒരു മത്സരം ഒഴികെ ബാക്കിയുള്ള എല്ലാ കളികളിലും രണ്ടോ അതിലധികമോ ഗോളുകള്‍ നേടി മികച്ച ഫോമിലാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam