കൊല്ലം: ഗള്‍ഫില്‍ ബിസിനസ് അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ ദമ്പതികള്‍ അറസ്റ്റില്‍.
ചെട്ടികുളങ്ങര സ്വദേശിയായ ബിജു ബാലൻ (55) ഭാര്യ കായംകുളം സ്വദേശിനി രശ്മി ബിജു (44) എന്നിവരാണ് പിടിയിലായത്. പൂയപ്പള്ളി പോലീസാണ് ഇവരെ മരടിലെ വാടകവീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാജ കമ്പനികള്‍ രൂപീകരിച്ച് ആളുകളില്‍ നിന്ന് പണം സമാഹരിച്ച് സാധനങ്ങള്‍ വാങ്ങുകയും പിന്നീട് അവ മറിച്ചുവില്‍പ്പന നടത്തി കമ്പനി പൂട്ടുകയും ചെയ്യുന്നതായിരുന്നു ഇവരുടെ തട്ടിപ്പുരീതി. കൂടാതെ വിവാഹവാഗ്ദാനം നല്‍കി സ്ത്രീകളില്‍ നിന്നും വൻതുകകളും ഇവർ കൈവശപ്പെടുത്തിയതായി പരാതികളുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 10 കോടിയിലധികം രൂപ തട്ടിയെടുത്തതായി ഇതിനകം പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഓസ്ട്രേലിയയില്‍ ജോലി, പൗരത്വം എന്നിവ വാഗ്ദാനം ചെയ്ത് ഓയൂർ സ്വദേശിയില്‍ നിന്ന് 10.5 ലക്ഷം രൂപ വാങ്ങിയതായും ആരോപണം ഉയർന്നിട്ടുണ്ട്. പല പരാതികളെത്തുടർന്ന് അന്വേഷണം നടത്തിയിരുന്നെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. എറണാകുളം മരടില്‍ ഒളിവില്‍ കഴിയുകയാണെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൂയപ്പള്ളി പൊലീസ് വാടകവീട്ടില്‍ നിന്ന് ഇരുവരെയും പിടികൂടിയത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയില്‍ വിവാഹവാഗ്ദാനം നല്‍കി 15 ലക്ഷം രൂപ തട്ടിയെടുത്തതിനും, എറണാകുളം സ്വദേശിയില്‍ നിന്ന് ഖത്തറില്‍ ബിസിനസ് ആരംഭിക്കാമെന്ന് പറഞ്ഞ് 20 ലക്ഷം രൂപ വാങ്ങിയതിനും കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ണൂർ പഴയങ്ങാടി, ചവറ തുടങ്ങിയ സ്ഥലങ്ങളിലും സമാന രീതിയിലുള്ള തട്ടിപ്പുകളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.
കോഴിക്കോട്ടെ ഒരു സ്ത്രീയില്‍ നിന്ന് വിവാഹവാഗ്ദാനം നല്‍കി അവരുടെ പേരിലുള്ള വസ്തു വിറ്റ് ലഭിച്ച 85 ലക്ഷം രൂപ തട്ടിയെടുത്തതായും കേസ് നിലനില്‍ക്കുന്നു. അവിവാഹിതരായ സ്ത്രീകളെ ലക്ഷ്യമിട്ട് സൗഹൃദം സ്ഥാപിച്ച് വിവാഹവാഗ്ദാനം നല്‍കുന്നതായിരുന്നു ഇവരുടെ പ്രധാന തട്ടിപ്പുതന്ത്രം എന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
ഖത്തറില്‍ ലോകകപ്പ് സമയത്ത് മെസ് ആരംഭിക്കാമെന്ന് പറഞ്ഞ് കായംകുളം സ്വദേശിയില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലും പരാതിയുണ്ട്. കൂടാതെ, പരാതിയുണ്ടാകുമെന്ന് തോന്നിയാല്‍ സ്വയം ദേഹത്ത് മുറിവുകള്‍ ഉണ്ടാക്കി മറിച്ച് പൊലീസില്‍ പരാതി നല്‍കുന്ന രീതിയും ഇവർക്കുണ്ടായിരുന്നുവെന്ന് തട്ടിപ്പിനിരയായവർ ആരോപിക്കുന്നു. പ്രതികള്‍ പിടിയിലായ വിവരം പുറത്തുവന്നതോടെ കൂടുതല്‍ പേർ പരാതികളുമായി പൊലീസ് സ്റ്റേഷനുകളില്‍ എത്തിത്തുടങ്ങിയിരിക്കുകയാണ്.

