ഹൈദരാബാദ്: സ്ത്രീസുരക്ഷയുടെ യഥാർത്ഥ അവസ്ഥ മനസ്സിലാക്കാൻ വ്യത്യസ്തമായ വഴി തിരഞ്ഞെടുത്ത് ഹൈദരാബാദ് പോലീസ്. യൂണിഫോം അഴിച്ച് സാധാരണ വേഷത്തില്‍, അകമ്പടിയില്ലാതെ രാത്രിയില്‍ തെരുവിലിറങ്ങി വനിതാ പോലീസ് കമ്മീഷണറുടെ അനുഭവം നഗരത്തിലെ സുരക്ഷാ ചർച്ചകള്‍ക്ക് പുതിയ ദിശ നല്‍കുകയാണ്.
ഹൈദരാബാദിലെ മല്‍ക്കാജ്‌ഗിരി പോലീസ് കമ്മീഷണറായ സുമതിയാണ് പുലർച്ചെ തനിച്ച് റോഡിലിറങ്ങിയത്. സാധാരണ വേഷത്തില്‍, പോലീസ് അകമ്പടിയില്ലാതെ രാത്രി വൈകി ബസ് സ്റ്റോപ്പില്‍ തനിച്ച് നിന്ന കമ്മീഷണർക്ക് ഞെട്ടിക്കുന്ന അനുഭവമാണുണ്ടായത്. പുലർച്ചെ 12:30 മുതല്‍ 3:30 വരെ മൂന്ന് മണിക്കൂർ സമയമാണ് അവർ നഗരത്തിലെ ഒരു ബസ് സ്റ്റോപ്പില്‍ തനിച്ച് ചിലവഴിച്ചത്. ഈ മൂന്ന് മണിക്കൂറിനുള്ളില്‍ 40-തോളം പുരുഷന്മാർ അവരെ സമീപിച്ചു. ഇതില്‍ പലരും മദ്യപിച്ചിരുന്നതായും കഞ്ചാവ് പോലുള്ള ലഹരിക്ക് അടിമപ്പെട്ടവരാണെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
പൊലീസ് കമ്മീഷണറാണെന്ന് തിരിച്ചറിയാതെയാണ് യുവാക്കളും വിദ്യാർത്ഥികളും സ്വകാര്യ-സർക്കാർ ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവർ മോശമായി പെരുമാറിയത്. തന്നെ സമീപിച്ച 40 പുരുഷന്മാരുടെയും ഐഡി കാർഡുകള്‍ പരിശോധിച്ച പൊലീസ്, അവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഇവരെയെല്ലാം താക്കീത് നല്‍കി വിട്ടയച്ചു. പൊതുസ്ഥലങ്ങളില്‍ സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്നതില്‍ എല്ലാവർക്കും കർശന നിർദേശം നല്‍കി.
രാത്രി പൊതുസ്ഥലത്ത് സ്ത്രീകള്‍ നേരിടുന്ന ദുരനുഭവം സംബന്ധിച്ച് പരാതികള്‍ കൂടിവരുന്ന സാഹചര്യത്തലാണ് കമ്മീഷണർ വേഷം മാറിയെത്തിയത്. നഗരത്തിലെ രാത്രികാലത്തെ സാഹചര്യം നേരിട്ട് പഠിക്കുകയായിരുന്നു ലക്ഷ്യം. സ്ത്രീകള്‍ രാത്രികാലത്ത് നഗരത്തില്‍ നേരിടുന്ന സുരക്ഷാ വെല്ലുവിളി മനസ്സിലാക്കാൻ വേണ്ടി നടത്തിയ ഈ പരിശോധന വൻ കൈയ്യടി നേടി.
25 വർഷം മുൻപ് തന്റെ സർവീസിന്റെ തുടക്കകാലത്ത് കാസിപ്പേട്ട് റെയില്‍വേ സ്റ്റേഷന് സമീപത്തും സുമതി സമാനമായ രീതിയില്‍ 'അണ്ടർകവർ' ഓപ്പറേഷൻ നടത്തിയിരുന്നു. തെലങ്കാന കേഡറിലെ മുതിർന്ന ഉദ്യോഗസ്ഥയായ അവർ മെയ് 1-നാണ് മല്‍ക്കാജ്‌ഗിരി കമ്മീഷണറായി ചുമതലയേറ്റത്.

