റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ ആറ് പ്രധാന ബിസിനസ് മേഖലകളില്‍ ഫ്ലെക്സിബിള്‍ പ്രവൃത്തി സമയ സംവിധാനം ഔദ്യോഗികമായി ആരംഭിച്ചു.
നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും ദൈനംദിന യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും ജീവിതനിലവാരം ഉയർത്തുകയും ചെയ്യുന്നതാണ് ഈ പുതിയ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
റിയാദ് സിറ്റി റോയല്‍ കമ്മീഷനും മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയവും ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. നിർദ്ദിഷ്ട മേഖലകളില്‍ പ്രവർത്തിക്കുന്ന 50-ത്തിലധികം സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് പുതിയ സംവിധാനത്തിന്റെ ആനുകൂല്യം ലഭിക്കുന്നത്.
കിംഗ് അബ്ദുള്ള ഫിനാൻഷ്യല്‍ ഡിസ്ട്രിക്റ്റ്, ഡിജിറ്റല്‍ സിറ്റി, ഡിപ്ലോമാറ്റിക് ക്വാർട്ടർ, ലെയ്‌സൻ വാലി, ഗ്രനാഡ ബിസിനസ് ഏരിയ, റോഷൻ ഫ്രണ്ട് എന്നീ ആറ് പ്രധാന മേഖലകളിലാണ് ഫ്ലെക്സിബിള്‍ അറ്റൻഡൻസ് വിൻഡോ നടപ്പാക്കുന്നത്. ഇതനുസരിച്ച് ജീവനക്കാർക്ക് നാല് മണിക്കൂർ സമയപരിധിക്കുള്ളില്‍ ഓഫിസിലെത്താൻ സ്വാതന്ത്ര്യമുണ്ട്.
സിവില്‍ സർവീസ് നിയമത്തിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ജീവനക്കാർക്ക് രാവിലെ 5:30 മുതല്‍ 9:30 വരെ ഏതെങ്കിലും സമയത്ത് ജോലിയില്‍ പ്രവേശിക്കാം. അതേസമയം തൊഴില്‍ നിയമത്തിന് കീഴിലുള്ള സർക്കാർ സ്ഥാപനങ്ങള്‍ രാവിലെ 7:00 മുതല്‍ 11:00 വരെയുള്ള സമയക്രമമാണ് പിന്തുടരുക. സ്ഥിരമായ പ്രവൃത്തി സമയമുള്ള ഭരണപരമായ തസ്തികകള്‍ക്കാണ് ഈ സംവിധാനം ബാധകമാകുന്നത്. ആരോഗ്യവും പൊതുവിദ്യാഭ്യാസവും പോലുള്ള തുടർച്ചയായ സേവനം ആവശ്യമായ മേഖലകള്‍ക്ക് ഇളവ് ബാധകമല്ല.
റിയാദില്‍ ജനസംഖ്യയും യാത്രാവശ്യങ്ങളും വേഗത്തില്‍ ഉയരുന്ന സാഹചര്യത്തിലാണ് ഈ നടപടി. തിരക്കേറിയ സമയങ്ങളില്‍ റോഡിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുകയും ഗതാഗതപ്രവാഹം സുഗമമാക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം.
വ്യത്യസ്ത സമയങ്ങളില്‍ ജോലിക്ക് എത്താനുള്ള സൗകര്യം വഴി രാവിലെ തിരക്കുകള്‍ നിയന്ത്രിക്കാനും നഗരത്തിലെ യാത്രാ സമയം കുറയ്ക്കാനും കഴിയുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.

