കനത്ത മഴയില്‍ മുങ്ങിയ മുംബൈ തെരുവുകളിലൂടെ കാറിന് പകരം ബോട്ടില്‍ യാത്ര ചെയ്ത് ടെലിവിഷൻ താരം അയാസ് അഹമ്മദ്. റോഡിലെ വെള്ളക്കെട്ടിലൂടെ ഇൻഫ്ലേറ്റബിള്‍ (കാറ്റ് നിറക്കാവുന്ന) ബോട്ടില്‍ കുടയും ചൂടി താരം നടത്തുന്ന 'ബോട്ട് സവാരി'യുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ലക്ഷണക്കണക്കിന് ആളുകള്‍ ഏറ്റെടുത്തിരിക്കുന്നത്.
മുംബൈ നഗരത്തിലെ മഴക്കാല ദുരിതങ്ങളെ പരിഹസിച്ച് താരം പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
ഓറഞ്ച് നിറത്തിലുള്ള ഇൻഫ്ലേറ്റബിള്‍ ബോട്ടില്‍ കുടയും പിടിച്ച് മുംബൈയിലെ വീര ദേസായി റോഡിലൂടെ സഞ്ചരിക്കുന്നതാണ് വീഡിയോയിലെ ദൃശ്യം. 'Mumbaikar in Every Monsoon' എന്ന അടിക്കുറിപ്പോടെയാണ് അയാസ് വീഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചത്. "കുട കൊണ്ടുവന്നത് നന്നായി" എന്ന തമാശയും അദ്ദേഹം കുറിപ്പില്‍ ചേർത്തിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ പ്രതികരണപ്രവാഹം വീഡിയോയ്ക്ക് നാലുലക്ഷത്തിലധികം കാഴ്ചക്കാരെയും ആയിരക്കണക്കിന് ലൈക്കുകളും ലഭിച്ചു. "മുംബൈയുടെ പുതിയ ഓട്ടോറിക്ഷ", "നേരെ ബീച്ചിലെത്തിയല്ലോ" തുടങ്ങിയ രസകരമായ കമന്റുകളാണ് ഏറെയും. "ഓരോ മഴക്കാലത്തും ഇത്തരമൊരു കണ്ടന്റ് കാത്തിരിക്കാറുണ്ട്" എന്നായിരുന്നു മറ്റൊരു പ്രതികരണം.
അതേസമയം, ചിലർ മുംബൈയിലെ അടിസ്ഥാന സൗകര്യങ്ങളെ വിമർശിച്ചും രംഗത്തെത്തി. "രാജ്യത്തെ ഏറ്റവും സമ്പന്നമായ മുനിസിപ്പല്‍ കോർപ്പറേഷനാണ് ബിഎംസി. എന്നിട്ടും എല്ലാ വർഷവും ഇതേ അവസ്ഥയാണ്" എന്നായിരുന്നു ഒരു കമന്റ്.
വാർത്തയിലും ഇടംപിടിച്ചു വീഡിയോ പിന്നീട് ദേശീയ ഹിന്ദി വാർത്താ ചാനലുകളിലും ഇടംപിടിച്ചു. വെള്ളക്കെട്ടിനിടയില്‍ റിപ്പോർട്ടിംഗ് നടത്തിയ അവതാരകൻ "ഇനി എപ്പോഴും ഇങ്ങനെ ബോട്ടിലാണോ യാത്ര?" എന്ന് ചോദിച്ചപ്പോള്‍, "കാറുകള്‍ വഴിയില്‍ കുടുങ്ങുന്നു. വൈദ്യുതിക്കും ചെലവ് കൂടുകയാണ്." എന്നായിരുന്നു അയാസിന്റെ തമാശ നിറഞ്ഞ മറുപടി.
അതേസമയം ചിരി പടർത്തുന്നതാണ് ഈ വീഡിയോ എങ്കിലും മുംബൈയിലെ സ്ഥിതി അതീവ ഗുരുതരമാണ്. കനത്ത മഴയെ തുടർന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുംബൈക്കും റായ്ഗഡ് ജില്ലയ്ക്കും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ 200 മുതല്‍ 300 മില്ലിമീറ്റർ വരെ മഴ ലഭിച്ച ചില പ്രദേശങ്ങളില്‍ വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെട്ടു.
അന്ധേരി സബ്‌വേയില്‍ മൂന്നുമുതല്‍ നാലടി വരെ വെള്ളം ഉയർന്നതോടെ ഗതാഗതം പൂർണമായും തടസപ്പെട്ടു. വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയിലും സിയോണ്‍-പൻവേല്‍ ഹൈവേയിലും വൻ ഗതാഗതക്കുരുക്കുണ്ടായി. ലോക്കല്‍ ട്രെയിൻ സർവീസുകള്‍ വൈകിയതോടൊപ്പം മോശം കാലാവസ്ഥയെ തുടർന്ന് മുംബൈയിലേക്കുള്ള ചില വിമാനങ്ങള്‍ സൂറത്ത്, അഹമ്മദാബാദ്, ഗോവ എന്നിവിടങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തു.
2007-08ല്‍ എംടിവി റോഡീസിലൂടെ ശ്രദ്ധ നേടിയ അയാസ് അഹമ്മദ് പിന്നീട് നിരവധി ഹിന്ദി ടെലിവിഷൻ പരമ്പരകളില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ നർമ്മം കലർന്ന വീഡിയോകള്‍ പങ്കുവെച്ച് ശ്രദ്ധ നേടുന്ന അദ്ദേഹം നിലവില്‍ രണ്ട് ലക്ഷത്തിലധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സുള്ള ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റർ കൂടിയാണ്.

