തിരുവനന്തപുരം: വിഐപി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന മെഡിക്കല്‍ ഓഫിസർമാർ അനുഭവിക്കുന്ന സമ്മർദ്ദങ്ങളും പ്രശ്നങ്ങളും പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചു.
ഇതുമായി ബന്ധപ്പെട്ട സ്പെഷല്‍ ബ്രാഞ്ചിന്റെ ശുപാർശകള്‍ ഉള്‍പ്പെടുത്തി സർക്കാർ ഉടൻ മാർഗനിർദേശം പുറത്തിറക്കണമെന്നും കമ്മിഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. പൊതുഭരണ വകുപ്പിനും ആരോഗ്യ വകുപ്പിനുമാണ് കമ്മിഷൻ നിർദ്ദേശങ്ങള്‍ നല്‍കിയത്.
വിഐപി മെഡിക്കല്‍ ടീമുകളില്‍ നിയോഗിക്കപ്പെടുന്ന ഡോക്ടർമാർ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) നല്‍കിയ പരാതിയിലാണ് നടപടി. ആരോഗ്യ വകുപ്പ്, പൊതുഭരണ വകുപ്പ്, സ്പെഷല്‍ ബ്രാഞ്ച് എന്നിവയില്‍ നിന്ന് കമ്മിഷൻ വിശദമായ റിപ്പോർട്ടുകള്‍ ശേഖരിച്ചു.
പ്രതിദിനം മിനിമം 5 ഡോക്ടർമാരെയെങ്കിലും ഉള്‍പ്പെടുത്തി ഡിഎംഒമാർ വിഐപി ഡ്യൂട്ടിക്ക് നിയോഗിക്കേണ്ട ഡോക്ടർമാരുടെ പ്രതിമാസ ഡ്യൂട്ടി പട്ടിക തയാറാക്കണമെന്ന് കമ്മിഷൻ അടിയന്തര നിർദേശം നല്‍കി. പട്ടിക തയാറാക്കുകയാണെങ്കില്‍ ഡോക്ടർമാരുടെ മറ്റ് ഉത്തരവാദിത്തങ്ങള്‍ കൃത്യവിലോപം കൂടാതെ നിർവഹിക്കാൻ കഴിയും.
വിഐപി താമസിക്കുന്ന സ്ഥലത്തിന് സമീപം മെഡിക്കല്‍ ഓഫിസർമാർക്കും ആരോഗ്യ വകുപ്പു ജീവനക്കാർക്കും താമസവും ഭക്ഷണവും ഒരുക്കണമെന്ന് കമ്മിഷൻ നിർദേശിച്ചു. ഇതിന്റെ ചുമതല ജില്ലാ കളക്ടർമാർക്ക് നല്‍കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വിഐപി ഡ്യൂട്ടിക്ക് ആധുനിക സൗകര്യങ്ങളുള്ള ആംബുലൻസുകള്‍ ലഭ്യമാക്കണമെന്നും അതിന്റെ നേരിട്ടുള്ള ചുമതല ജില്ലാ മെഡിക്കല്‍ ഓഫീസർമാർക്ക് നല്‍കണമെന്നും കമ്മിഷൻ നിർദേശിച്ചു. ആംബുലൻസുകളില്‍ ശീതീകരണ സംവിധാനം നിർബന്ധമായും ഉണ്ടായിരിക്കണമെന്നും പറയുന്നു.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സഹായത്തോടെ എല്ലാ ജില്ലകളിലും വിഐപി ഡ്യൂട്ടിക്ക് മെഡിക്കല്‍ ഓഫിസർമാരുടെ സ്ഥിര പട്ടിക തയ്യാറാക്കാനുള്ള സാധ്യത ഭാവിയില്‍ പരിഗണിക്കണമെന്നും കമ്മിഷൻ ശുപാർശ ചെയ്തു.
വിഐപി ഡ്യൂട്ടി മേഖലയില്‍ ഡോക്ടർമാർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഈ നിർദേശങ്ങള്‍ ആരോഗ്യ മേഖലയിലെ പ്രവർത്തനക്ഷമതയും മനുഷ്യാവകാശ സംരക്ഷണവും ഉറപ്പാക്കുമെന്ന് കമ്മിഷൻ വ്യക്തമാക്കുന്നു.

