ഒരു രക്ഷിതാവെന്ന നിലയില്‍ നേരിടുന്ന ആശങ്കകളെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ പൃഥ്വിരാജ് സുകുമാരൻ. കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ മറ്റ് മാതാപിതാക്കള്‍ക്ക് ഉള്ളപോലെ തനിക്കുമുണ്ടെന്ന് നടൻ പറഞ്ഞു.
സമൂഹത്തിലെ നടക്കുന്ന ചില സംഭവങ്ങള്‍ നമ്മളില്‍ ഭയം വർധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കേണ്ടത് വളരെ പ്രധാനമാണെന്നും നടൻ എടുത്ത് പറഞ്ഞു
മേഘ്ന ഗുല്‍സാർ സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രം 'ദയ്റ'യുടെ ട്രെയിലർ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. 11 വയസുള്ള മകളുടെ പിതാവെന്ന നിലയില്‍ ഏറെ പ്രയാസകരമായ ഘട്ടത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.
ഒരു രക്ഷിതാവെന്ന നിലയില്‍ ഏറെ ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. എനിക്ക് 11 വയസുള്ള മകളുണ്ട്. അവള്‍ക്ക് എന്താണ് സുരക്ഷിതം, എന്താണ് സുരക്ഷിതമല്ലാത്തത് എന്നതിനെക്കുറിച്ച് അവളോട് സംസാരിച്ച് മനസിലാക്കി കൊടുക്കേണ്ട ഘട്ടത്തിലാണ്. നാം ജീവിക്കുന്നത് നിഷ്‌കളങ്കമായ ഒരു ലോകത്തായിരുന്നെങ്കില്‍, മകളോട് ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കേണ്ടി വരില്ലായിരുന്നു. പക്ഷേ നമ്മള്‍ അങ്ങനെയൊരു ലോകത്തല്ല ജീവിക്കുന്നത്.
ഒരു പൗരനെന്ന നിലയില്‍ കുട്ടികളോട് ഇതേക്കുറിച്ച് സംസാരിക്കുകയെന്നല്ലാതെ മറ്റെന്താണ് നമുക്ക് ചെയ്യാൻ കഴിയുക?ഇത്തരം കാര്യങ്ങളെക്കുറിച്ച് പെണ്‍കുട്ടികളോട് മാത്രമല്ല സംസാരിക്കേണ്ടത്. ആണ്‍കുട്ടികളോടും അതേ ഗൗരവത്തോടെ സംസാരിക്കണം. ഈ വിഷയത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം ആർക്കെങ്കിലും ഉണ്ടെങ്കില്‍ അത് പുരുഷന്മാർക്കാണ്.
സമൂഹത്തില്‍ ഈ സന്ദേശം ശക്തമായി ഉയർത്തിപ്പിടിക്കാനും അതിനായി മുന്നിട്ടിറങ്ങാനും നമ്മളാണ് തയ്യാറാകേണ്ടത്,' -പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

