റിയാദ്: സൗദി അറേബ്യയിലെ അസീർ പ്രവിശ്യയില്‍ ഉണ്ടായ ഭീകര വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറു പേരുടെ ജീവൻ നഷ്ടമായി.
അല്‍ജഅ്ദ മലഞ്ചെരിവില്‍ നിയന്ത്രണം വിട്ട കാർ കുത്തനെയുള്ള മലയിടുക്കിലേക്ക് മറിഞ്ഞതാണ് ദുരന്തത്തിന് ഇടയാക്കിയത്. അപകടത്തില്‍ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
അസീറിലെ ബല്‍ഹമറിനെയും തിഹാമയെയും ബന്ധിപ്പിക്കുന്ന അല്‍ജഅ്ദ ചുരം വഴിയാണ് സൗദി സ്വദേശി കുടുംബം യാത്ര ചെയ്തിരുന്നത്. യാത്രയ്ക്കിടെ വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് ആഴമേറിയ മലയിടുക്കിലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ ആറു പേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
സൗദിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ഏറ്റവും അപകടസാധ്യതയേറിയ മലമ്പാതകളിലൊന്നാണ് അല്‍ജഅ്ദ ചുരം. സമുദ്രനിരപ്പില്‍ നിന്ന് 2,500 മീറ്ററിലധികം ഉയരത്തിലുള്ള ഈ പാതയില്‍ കുത്തനെയുള്ള ഇറക്കങ്ങളും മൂർച്ചയേറിയ വളവുകളും വാഹനയാത്രയെ ഏറെ ദുഷ്കരമാക്കുന്നു.
വർഷത്തില്‍ ഭൂരിഭാഗം സമയവും മൂടല്‍മഞ്ഞും പ്രതികൂല കാലാവസ്ഥയും അനുഭവപ്പെടുന്നതിനാല്‍ കാഴ്ചപരിധി കുറയുകയും അപകടസാധ്യത വർധിക്കുകയും ചെയ്യാറുണ്ട്. പാതയില്‍ നവീകരണ പ്രവർത്തനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും പ്രദേശത്തിന്റെ സങ്കീർണമായ ഭൂപ്രകൃതി കാരണം അതീവ ജാഗ്രത അനിവാര്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

