ന്യൂഡല്‍ഹി: സൗഹൃദം നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് യുവതിയുടെയും അമ്മയുടെയും അശ്ലീല ചിത്രങ്ങള്‍ നിർമ്മിച്ച് പ്രചരിപ്പിച്ച വൈദികൻ അറസ്റ്റിലായി.
സംഭവത്തില്‍ സുമിത് നേംചന്ദ് ശർമ്മ (27) എന്ന വൈദികനാണ് അറസ്റ്റിലായത്. അഹമ്മദാബാദ് സിറ്റി സൈബർ ക്രൈം ബ്രാഞ്ച് ആണ് വൈദികനെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി ആസ്ഥാനമായി പ്രവർത്തിക്കുകയാണ് അറസ്റ്റിലായ പുരോഹിതൻ. യുവതിയുടെയും അമ്മയുടെ ആശ്ലീല ചിത്രങ്ങള്‍ പ്രതി വിവിധ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഗുജറാത്ത് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വൈദികൻ പോലീസ് പിടികൂടിയത്. സോഷ്യല്‍ മീഡിയ വഴി തപ്രചാരണം നടത്തുന്നയാളാണ് സുമിത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇയാള്‍ യുവതിയുമായി പരിചയത്തിലായത്. തുടക്കത്തില്‍ മതപരമായ കാര്യങ്ങളാണ് ഇവർ സംസാരിച്ചിരുന്നത്. പിന്നീട് കൂടുതല്‍ സൗഹൃദമുണ്ടാക്കാൻ ശ്രമിച്ചപ്പോള്‍ യുവതി നിരസിച്ചു. 2025 ഡിസംബർ മുതല്‍ കഴിഞ്ഞ ഏപ്രില്‍ ആറുവരെ ഇയാള്‍ യുവതിയെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്തിരുന്നു.
തന്റെ ഇൻസ്റ്റാഗ്രാമില്‍ യുവതി പോസ്റ്റ് ചെയ്തിരുന്ന യുവതിയുടെയും അമ്മയുടെയും ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത പുരോഹിതൻ ഇത് എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് അശ്ലീല ചിത്രങ്ങള്‍ ആക്കി മാറ്റുകയായിരുന്നു. ഇത്തരത്തില്‍ നൂറിലധികം നഗ്നചിത്രങ്ങളും വീഡിയോകളും ഇയാള്‍ നിർമിച്ചു. യുവതിയുടെ പേരില്‍ ഇൻസ്റ്റാഗ്രാം, യൂട്യൂബ് അക്കൗണ്ടുകള്‍ തുടങ്ങിയ പ്രതി നഗ്നചിത്രങ്ങള്‍ ഇതില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഇവയില്‍ അശ്ലീല കമന്റുകളും നല്‍കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അഹമ്മദാബാദ് സൈബർ പോലീസില്‍ യുവതി നല്‍കിയതിന് പിന്നാലെയാണ് സുമിത്തിനെ ഡല്‍ഹിയില്‍ നിന്നും അഹമ്മദാബാദ് സിറ്റി സൈബർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

