കൊല്‍ക്കത്ത: വോട്ടെണ്ണലിന് മുമ്പ് പശ്ചിമ ബംഗാളില്‍ വിവാദം കനക്കുന്നു. കൊല്‍ക്കത്തയിലെ ഒരു സ്ട്രോങ് റൂം തുറന്നെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ പ്രതിഷേധിക്കുകയാണ്.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സ്ട്രോങ് റൂമുകളിലും കടുത്ത ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് സംഭവവികാസങ്ങള്‍ അരങ്ങേറിയത്.
ഖുദിറാം അനുശീലൻ കേന്ദ്രയിലെ സ്ട്രോങ് റൂമില്‍ ക്രമക്കേട് നടന്നുവെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇതിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും സ്ഥാനാർഥികളുമായ കുനാല്‍ ഘോഷ്. ശശി പാഞ്ജ എന്നിവർ സ്ഥലത്ത് ധർണ ആരംഭിച്ചു. സ്ട്രോങ് റൂമിന് പുറത്ത് കാവലിരുന്ന തൃണമൂല്‍ പ്രവർത്തകരോട് ഉച്ചയോടെ പിന്മാറാൻ ആവശ്യപ്പെട്ടതായും, തുടർന്ന് സ്ട്രോങ് റൂം തുറന്ന് ബിജെപി പ്രവർത്തകരെ മാത്രമാണ് അകത്ത് പ്രവേശിപ്പിച്ചതെന്നും തൃണമൂല്‍ ആരോപിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് രാഷ്ട്രീയ സംഘർഷാവസ്ഥ തുടരുകയാണ്.
'പാർട്ടി പ്രവർത്തകരും അനുയായികളും വൈകുന്നേരം 3:30 വരെ സ്‌ട്രോങ് റൂമിന് പുറത്ത് ഉണ്ടായിരുന്നു. പെട്ടെന്ന്, വൈകുന്നേരം 4 മണിക്ക് സ്‌ട്രോങ് റൂം വീണ്ടും തുറക്കുമെന്ന അറിയിപ്പ് ലഭിച്ചു. ഞങ്ങള്‍ ഞങ്ങളുടെ പ്രവർത്തകരെ ബന്ധപ്പെട്ടപ്പോള്‍ അവർ അവിടെനിന്ന് പോയതായി പറഞ്ഞു. ഈ ഘട്ടത്തില്‍ ഞങ്ങള്‍ ഇവിടെയെത്തി. ഇപ്പോള്‍ ഞങ്ങളെ അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. ബിജെപിയെ ക്ഷണിച്ചു. സ്‌ട്രോങ് റൂമിനുള്ളില്‍ എന്തൊക്കെയോ പ്രവർത്തനം നടന്നതായി സിസിടിവിയില്‍ കണ്ടു. ബാലറ്റ് പേപ്പറുകള്‍ അകത്തേക്ക് മാറ്റുന്നു. പോസ്റ്റല്‍ ബാലറ്റുകള്‍ പ്രോസസ്സ് ചെയ്യുകയാണെങ്കില്‍, അവ എവിടെ നിന്ന് വന്നു? എന്തുകൊണ്ടാണ് ഞങ്ങളെ ഇക്കാര്യങ്ങളൊന്നും അറിയിക്കാത്തത്?' കുനാല്‍ ഘോഷ് പ്രതികരിച്ചു. സിസിടിവി ദൃശ്യങ്ങളും തൃണമൂല്‍ പുറത്തുവിട്ടിട്ടുണ്ട്. സ്‌ട്രോങ് റൂം തുറന്നാല്‍ എല്ലാ രാഷ്ട്രീയ പാർട്ടികളെയും അറിയിക്കണം. എന്തുകൊണ്ട് ആരെയും അറിയിച്ചില്ലെന്ന് ശശി പാഞ്ജയും ചോദിച്ചു.
ബിജെപിക്ക് അനുകൂലമായി എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ വന്നതിന് പിന്നാലെ കനത്ത ജാഗ്രത പാലിക്കണമെന്ന് മമതാ ബാനർജി പ്രവർത്തകരോടും നേതാക്കളോടും ആവശ്യപ്പെട്ടിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 24 മണിക്കൂറും നിരീക്ഷണം ഉറപ്പാക്കാൻ പാർട്ടി നേതാക്കളോട് അവർ ആവശ്യപ്പെട്ടു. 'പകല്‍ പ്രവർത്തകരെ ഡ്യൂട്ടിക്ക് നിർത്തുക, എന്നാല്‍ രാത്രികാലങ്ങളില്‍ നിങ്ങള്‍ തന്നെ നിരീക്ഷണം ഏറ്റെടുക്കുക. കാവല്‍ നില്‍ക്കൂ, എനിക്ക് കാവല്‍ നില്‍ക്കാൻ കഴിയുമെങ്കില്‍ നിങ്ങള്‍ക്കും കഴിയും. രാത്രി മുഴുവൻ ഉണർന്നിരിക്കുക, അടുത്ത ടീമിന് ചുമതല കൈമാറിയ ശേഷം മാത്രം രാവിലെ ഉറങ്ങാൻ പോകുക' മമത നേതാക്കളോടായി പറഞ്ഞു.

