Dailyhunt
സെൻസസ് കടമ്പ കടന്നാല്‍ കേരള രാഷ്ട്രീയത്തിന്റെ ചിത്രം മാറും; വരുന്നത് 140 മണ്ഡലങ്ങളുടെ അവസാന വോട്ട്?

സെൻസസ് കടമ്പ കടന്നാല്‍ കേരള രാഷ്ട്രീയത്തിന്റെ ചിത്രം മാറും; വരുന്നത് 140 മണ്ഡലങ്ങളുടെ അവസാന വോട്ട്?

Media Mangalam 1 week ago

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ '140' എന്ന മാന്ത്രിക സംഖ്യ ചരിത്രമാകാൻ പോകുന്നു. കേന്ദ്രസർക്കാർ മണ്ഡല പുനർനിർണയ നടപടികളുമായി മുന്നോട്ട് പോകുന്നതോടെ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നിലവിലെ 140 മണ്ഡലങ്ങളില്‍ നടക്കുന്ന അവസാന പോരാട്ടമായേക്കും.

2031-ഓടെ കേരളത്തിലെ മണ്ഡലങ്ങളുടെ എണ്ണത്തില്‍ വലിയ മാറ്റമുണ്ടാകാനാണ് സാധ്യത. അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എത്ര നിയോജകമണ്ഡലങ്ങളുണ്ടാവും എന്നറിയാൻ സെൻസസിനുശേഷം മണ്ഡല പുനർനിർണയംവരെ കാത്തിരിക്കണം.

പാർലമെന്റ് മണ്ഡലങ്ങളും അതനുസരിച്ച്‌ നിയമസഭാ നിയോജകമണ്ഡലങ്ങളും മണ്ഡലപുനർനിർണയത്തില്‍ മാറും. ജനസംഖ്യാവളർച്ച കുറഞ്ഞ സംസ്ഥാനങ്ങളില്‍ പാർലമെന്റ് മണ്ഡലങ്ങള്‍ കുറയുമെന്ന് ആശങ്ക ഉയർന്നിരുന്നെങ്കിലും അത്തരം ആശങ്കകള്‍ വേണ്ടെന്നാണ് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. കേരളത്തിലെ ലോക്‌സഭാ സീറ്റുകള്‍ 20-ഉം നിയമസഭാ നിയോജകമണ്ഡലങ്ങള്‍ 140-ഉം ആയിട്ട് അരനൂറ്റാണ്ടാവുന്നു. 1977-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി 140 അംഗങ്ങളെ തിരഞ്ഞെടുത്തത്. 1957-ലെ ആദ്യ തിരഞ്ഞെടുപ്പില്‍ 114 മണ്ഡലങ്ങളായിരുന്നു. ഇതില്‍ 12 എണ്ണം ദ്വയാംഗ മണ്ഡലങ്ങളായതിനാല്‍ 126 അംഗങ്ങളെ തിരഞ്ഞെടുത്തിരുന്നു. 1961-ലെ പുനർനിർണയത്തില്‍ മണ്ഡലങ്ങളുടെ എണ്ണം 133 ആയി ഉയർന്നു.

2008-ല്‍ വീണ്ടും പുനർനിർണയം പൂർത്തിയായെങ്കിലും മണ്ഡലങ്ങളുടെ അതിർത്തികള്‍ മാറിയതല്ലാതെ എണ്ണത്തില്‍ മാറ്റമുണ്ടായില്ല. വരാനിരിക്കുന്ന പുനർനിർണയം സംബന്ധിച്ചും ഒട്ടേറെ അഭ്യൂഹങ്ങളുണ്ട്. ജനസംഖ്യ കണക്കാക്കി മണ്ഡലങ്ങളുടെ എണ്ണം കൂട്ടുന്നതിനൊപ്പം മൂന്നിലൊന്ന് സ്ത്രീസംവരണംകൂടിയാകുമ്പോള്‍ ഇന്ത്യയില്‍ ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണം 543-ല്‍നിന്ന് 816 വരെയാകുമെന്നാണ് കണക്കാക്കുന്നത്. ജനസംഖ്യ 2.13 കോടിയായിരുന്നപ്പോഴാണ് കേരളത്തില്‍ 140 മണ്ഡലങ്ങള്‍ നിശ്ചയിച്ചത്. 2011-ലെ ജനസംഖ്യ 3.34 കോടിയാണ്. അടുത്ത സെൻസസ് വരാനിരിക്കുന്നതേയുള്ളൂ.

വരുന്ന പുനർനിർണയത്തില്‍ കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങള്‍ 30-ഉം നിയമസഭാ മണ്ഡലങ്ങള്‍ 210 വരെയും ആയേക്കാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam