ന്യൂഡല്‍ഹി: ഇന്ത്യയുടെ ദീർഘദൂര ഹൈപ്പർസോണിക് കപ്പല്‍വേധ മിസൈല്‍ പരീക്ഷണം വിജയകരം. ഒഡീഷ തീരത്ത് വെള്ളിയാഴ്ച്ച നടത്തിയ പരീക്ഷണം വിജയകരമായിരുന്നെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്തിന്റെ സമുദ്ര പ്രതിരോധ ശേഷിയില്‍ വലിയ മുന്നേറ്റമായി ഇത് വിലയിരുത്തപ്പെടുന്നു. ഏകദേശം 1,500 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം കൃത്യമായി തകർത്ത മിസൈല്‍, ഇന്ത്യൻ നാവിക പ്രതിരോധ സംവിധാനത്തിന്റെ ദൂരപ്രഹര ശേഷി തെളിയിച്ചതായി പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.
ശബ്ദവേഗത്തിന്റെ അഞ്ചിരട്ടിയിലധികം മറികടക്കുന്ന (Mach 5+) വേഗതയില്‍ സഞ്ചരിക്കുന്നതിനാല്‍, ഈ മിസൈലിനെ തടയുന്നത് നിലവിലെ പല ആധുനിക പ്രതിരോധ സംവിധാനങ്ങള്‍ക്കും വെല്ലുവിളിയായിരിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പരീക്ഷണത്തിനിടെ മിസൈല്‍ അതിവേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തി കൃത്യമായി പതിച്ചതോടെ, അതിലെ ടെർമിനല്‍ ഗൈഡൻസ് സാങ്കേതികവിദ്യയുടെ കൃത്യതയും തെളിഞ്ഞു. വിക്ഷേപണം മുതല്‍ ലക്ഷ്യം തകർക്കുന്നത് വരെ എല്ലാ സാങ്കേതിക ഘട്ടങ്ങളും വിജയകരമായി പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി.
ദൂരെയുള്ള ശത്രു യുദ്ധക്കപ്പലുകളെ പോലും മുൻകൂട്ടി കണ്ടെത്തി തകർക്കാനുള്ള ശേഷി ഇന്ത്യക്ക് കൈവന്നതോടെ, സമുദ്ര അതിർത്തി സുരക്ഷ കൂടുതല്‍ ശക്തിപ്പെട്ടുവെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍. തദ്ദേശീയ സാങ്കേതികവിദ്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിക്കുന്ന നേട്ടമായും ഈ പരീക്ഷണത്തെ കാണപ്പെടുന്നു.

