അബുദാബി: യുഎഇയില്‍ തൊഴില്‍, ബാങ്കിങ്, വ്യാപാരം, ഗതാഗതം തുടങ്ങിയ മേഖലകളെ നേരിട്ട് ബാധിക്കുന്ന അഞ്ച് പ്രധാന നിയമ-ഭരണ പരിഷ്‌കാരങ്ങള്‍ ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്നു.
രാജ്യത്തെ നിയമവ്യവസ്ഥ കൂടുതല്‍ ആധുനികവും സുതാര്യവുമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് പുതിയ മാറ്റങ്ങള്‍ നടപ്പാക്കുന്നത്.
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളം സമയത്ത് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ നിലവിലുണ്ടായിരുന്ന 15 ദിവസത്തെ ഇളവ് പൂർണമായും ഒഴിവാക്കി. ഇനി ശമ്പളം ഓരോ മാസവും ഒന്നാം തീയതിയോ അതിന് മുമ്പോ നല്‍കണം. ശമ്പള വിതരണം വൈകിയാല്‍ രണ്ടാം ദിവസം മുതല്‍ തന്നെ അധികൃതർ നടപടികള്‍ സ്വീകരിക്കും.
അതേസമയം, സാമ്പത്തിക-വാണിജ്യ ഇടപാടുകള്‍ക്കുള്ള നിയമപരമായ പ്രായപരിധി 21ല്‍ നിന്ന് 18 വയസായി കുറച്ചു. ഇതോടെ 18 വയസ് പൂർത്തിയായ യുവാക്കള്‍ക്ക് രക്ഷിതാക്കളുടെ അനുമതിയില്ലാതെ ബാങ്ക് അക്കൗണ്ടുകള്‍ നിയന്ത്രിക്കാനും സാമ്പത്തിക കരാറുകളില്‍ ഒപ്പുവയ്ക്കാനും സ്വന്തമായി ബിസിനസ് ആരംഭിക്കാനുമുള്ള പൂർണ നിയമാവകാശം ലഭിക്കും.
സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രമുഖ ബാങ്കുകള്‍ വാട്‌സാപ്പ് വഴി ഒടിപി (OTP) അയയ്ക്കുന്നത് അവസാനിപ്പിക്കുന്നു. ഇനി മുതല്‍ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പറുകളിലേക്ക് എസ്‌എംഎസ് വഴിയോ ബാങ്കിങ് ആപ്പുകള്‍ വഴിയോ മാത്രമേ ഒടിപി ലഭ്യമാകൂ.
ദുബായില്‍ പൊതു പാർക്കിങ് ഫീസിനും സാലിക് റോഡ് ടോള്‍ നിരക്കുകള്‍ക്കും അഞ്ച് ശതമാനം മൂല്യവർധിത നികുതി (വാറ്റ്) ബാധകമാകും. കൂടാതെ പാർക്കിങ് സംവിധാനവും പൂർണമായും ഡിജിറ്റലാക്കുകയാണ്. സ്‌മാർട്ട് ആപ്പുകള്‍, എസ്‌എംഎസ്, ക്യൂആർ കോഡ് എന്നിവ വഴിയാകും ഇനി പണമടയ്ക്കല്‍. വാഹനങ്ങളുടെ വിൻഡ്‌ഷീല്‍ഡില്‍ പേപ്പർ പാർക്കിങ് ടിക്കറ്റുകള്‍ പതിപ്പിക്കുന്ന രീതിയും അവസാനിപ്പിച്ചു.

