ഹോം
സോളാര്‍ പീഡനക്കേസുകള്‍ സിബിഐയ്ക്ക് വിടുന്നു

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ പരാതിക്കാരി നല്‍കിയ ബലാത്സംഗപരാതികളിലെ അന്വേഷണം സിബിഐയ്ക്ക് വിടുന്നു. കോണ്‍ഗ്രസിലെ ഏറ്റവും ഉന്നത നേതാക്കള്‍ക്കെതിരെയും ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനെതിരെയുമുള്ള ഏറ്റവും നിര്‍ണായകമായ കേസാണ് ഇപ്പോള്‍ സിബിഐയ്ക്ക് കൈമാറിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരായ പീഡനപ്പരാതികളെല്ലാമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. പരാതിക്കാരി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടി വന്നിരിക്കുന്നത്.കഴിഞ്ഞ നാല് വര്‍ഷമായി സോളാര്‍ തട്ടിപ്പ് കേസും, പീഡനപ്പരാതികളിലെ അന്വേഷണവും ഇഴഞ്ഞു നീങ്ങുകയായിരുന്നു. നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് സോളാര്‍ പീഡനക്കേസുകള്‍ സിബിഐയ്ക്ക് വിടുന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം ഇറക്കി. വലിയ രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കാന്‍ സാധ്യതയുള്ള നീക്കം. ഇത് പ്രതിപക്ഷം വലിയ ആയുധമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ബിജെപിയും ഇത് ആരോപണങ്ങള്‍ക്ക് കുന്തമുനയാക്കും. സര്‍ക്കാര്‍ എന്നാല്‍ ഈ കേസ് മുന്‍നിര്‍ത്തി പ്രതിപക്ഷത്തിനെതിരെ ആക്രമണം കടുപ്പിക്കുമെന്നും ഉറപ്പാണ്.സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ കടത്ത് കേസിലും അടക്കം കേന്ദ്ര ഏജന്‍സികളെ ബിജെപി രാഷ്ട്രീയമായി സിപിഎമ്മിനെതിരെ ഉപയോഗിക്കുന്നെന്ന് ആരോപണമുയര്‍ത്തിയ ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം സോളാര്‍ മുന്‍നിര്‍ത്തി ആരോപണം കടുപ്പിച്ചാല്‍ തിരികെ എന്താകും എല്‍ഡിഎഫിന്റെ പ്രതിരോധം എന്നതാണ് ഇനി കണ്ടറിയേണ്ടത്.