ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് വിദ്യാർഥി പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരാഹാര സമരം നടത്തിയ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസം അവസാനിപ്പിച്ചു.
ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍ കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സമരാവസാനം. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാൻ ജിതേന്ദ്ര സിങ് വാങ്ചുക്കിനെ സഹായിക്കുന്നതും തുടർന്ന് ജെ.പി. നഡ്ഡ വെള്ളം നല്‍കി ഉപവാസം അവസാനിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഭാര്യ ഗീതാഞ്ജലി ആങ്‌മോയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
ഉപവാസം അവസാനിപ്പിച്ച ശേഷം സംസാരിച്ച വാങ്ചുക്, സമരം അവസാനിപ്പിക്കാനായതില്‍ സന്തോഷവും നന്ദിയും രേഖപ്പെടുത്തി. "എന്റെ ഉപവാസം അവസാനിപ്പിക്കാൻ കഴിഞ്ഞതില്‍ ഞാൻ സന്തുഷ്ടനാണ്. എല്ലാവർക്കും നന്ദി," എന്ന് അദ്ദേഹം പറഞ്ഞു. ഭാര്യയെ അഭിസംബോധന ചെയ്ത്, "നീ എപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു. നന്ദി പറയുന്നതിലുപരി എന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങളും ചോദ്യപേപ്പർ ചോർച്ചയില്‍ ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടിയും ആവശ്യപ്പെട്ടാണ് വാങ്ചുക് ജൂണ്‍ 28ന് നിരാഹാര സമരം ആരംഭിച്ചത്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് സമരം നടത്തുന്ന കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകർക്കൊപ്പം ഡല്‍ഹിയിലെ ജന്തർ മന്തറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം.
ഇതിനിടെ, കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കുകയും ചോദ്യപേപ്പർ ചോർച്ച കേസുകള്‍ വേഗത്തില്‍ പരിഗണിക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിക്കുകയും ചെയ്തു. ഇത്തരം കേസുകളില്‍ കർശന നടപടി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച ആരോഗ്യനില മോശമായതിനെ തുടർന്ന് വാങ്ചുക്കിനെ സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഉപവാസം അവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. സർക്കാർ ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതിയുമായി ഭാര്യ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കോടതി നിർദേശപ്രകാരം മെദാന്ത ആശുപത്രിയിലേക്ക് മാറ്റിയത്.
ആരോഗ്യവിവരങ്ങള്‍ പ്രകാരം, ദീർഘനാളത്തെ നിരാഹാര സമരത്തിനിടെ വാങ്ചുക്കിന് 11 കിലോഗ്രാമിലധികം ശരീരഭാരം കുറഞ്ഞതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

