കോഴിക്കോട്: 22 ലിറ്റർ മാഹി മദ്യവുമായി രണ്ടുപേർ പോലീസിന്റെ പിടിയിലായി. സുഹൃത്തിന്റെ വിവാഹത്തിന് മാഹിയിലെ പള്ളൂരില്‍നിന്ന് കോഴിക്കോട്ടേക്ക് മദ്യം കടത്തുകയായിരുന്ന കോഴിക്കോട് ചേളന്നൂർ സ്വദേശികളായ എടക്കര എംബ്രലത്ത് പൊയില്‍ എ.
ജ്യോതിഷ് ബാബു (30), പട്ടർപാലം പ്രണവത്തില്‍ ഡി.പി. നിധിൻ (34) എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാനപാതയില്‍ തൂണേരി ബ്ലോക്ക് ഓഫീസിന് സമീപം പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്.
ഇവരുടെ സ്‌കൂട്ടറിനുള്ളില്‍നിന്ന് 750 മില്ലിലിറ്ററിന്റെ 12 മദ്യക്കുപ്പികളും 500 മില്ലിലിറ്ററിന്റെ 26 കുപ്പികളും കണ്ടെടുത്തു. മൊത്തം 22 ലിറ്റർ മാഹി മദ്യവും ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ്‌ചെയ്തു.

