ബേണ്‍: സ്വിറ്റ്‌സർലൻഡിലെ വിൻറർതൂർ റെയില്‍വേ സ്റ്റേഷനില്‍ ഭീകരാക്രമണം. യുവാവ് നടത്തിയ കത്തിക്കുത്ത് ആക്രമണത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു.
സംഭവവുമായി ബന്ധപ്പെട്ട് 31കാരനായ സ്വിസ്-തുർക്കിഷ് പൗരൻ നെസിപ് ഡെഡെലറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് തീവ്രവാദ പ്രേരണയുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് അധികൃതർ അറിയിച്ചു.
28, 43, 52 വയസ്സുള്ള മൂന്ന് പുരുഷന്മാർക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇതില്‍ 52കാരന്റെ തുടയില്‍ ഗുരുതരമായി മുറിവേറ്റതിനാല്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. മറ്റു രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ആക്രമണസമയത്ത് പ്രതി "അല്ലാഹു അക്ബർ" എന്ന് വിളിച്ചുപറഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. മാനസിക വെല്ലുവിളികള്‍ നേരിടുന്ന ആളാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട പ്രചാരണ പ്രവർത്തനങ്ങളില്‍ പങ്കെടുത്തതിനാല്‍ ഇയാള്‍ മുമ്പും നിയമനടപടികള്‍ നേരിട്ടിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
സംഭവം നടന്ന അഞ്ച് മിനിറ്റിനകം തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ കീഴടക്കിയതോടെ കൂടുതല്‍ ദുരന്തം ഒഴിവായതായി പൊലീസ് അറിയിച്ചു.

